കോട്ടയം : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവാർപ്പ് മർത്തശ് മുനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. തഹസിൽദാർ പി.ജി രാജേന്ദ്രബാബുവാണ് പള്ളി പൂട്ടി താക്കോൽ ഏറ്റുവാങ്ങിയത്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിന്റെ ഇടയിലായിരുന്നു പള്ളി ഏറ്റെടുക്കൽ നടപടികൾ. പുലർച്ചെ നാലോടെ എത്തിയ ഉദ്യോഗസ്ഥസംഘം പള്ളിയുടെ ഗേറ്റും വാതിലും തുറന്ന് അകത്ത് പ്രവേശിച്ചു. തുടർന്ന് പള്ളി ഏറ്റെടുക്കുന്നതായി മൈക്കിലൂടെ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർക്ക് തഹസിൽദാർ താക്കോൽ കൈമാറി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് നൂറുകണക്കിന് പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.