പാലാ:ഗണിത ക്ലാസിൽ സ്‌ക്രീനിലെത്തുന്ന 'ത്രിഡി' സംഖ്യകൾ,ചിഹ്നങ്ങൾ... ഇവ ആവശ്യനേരത്ത് സ്‌ക്രീൻ വിട്ട് അദ്ധ്യാപകന്റെ കൈയിലും, മുമ്പിലെ മേശയിലും വശങ്ങളിലും വന്നിരുന്നപ്പോൾ എട്ടിലേയും ഒൻപതിലേയും കുട്ടികളും അദ്ധ്യാപകരും അമ്പരന്നു.! വരാനിരിക്കുന്ന ഗണിത വിസ്മയപൂരത്തിന്റെ തുടക്കം മാത്രമായിരുന്നു ഇത്. പത്താം ക്ലാസിലെ ഗണിതത്തിന്റെ രണ്ടാം പാഠം ജ്യാമിതിയിലെ വൃത്തങ്ങൾ അത്യാധുനിക എഡിറ്റിംഗ് സംവിധാനങ്ങളിലൂടെ ഓൺലൈനായി അവതരിപ്പിച്ച് ശ്രദ്ധേയനായത് തീക്കോയി സെന്റ് മേരീസ് സ്‌കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകൻ ജിസ് മോനാണ്. ഓൺലൈൻ പാഠ അവതരണത്തിൽ വൃത്തങ്ങളും ,വൃത്തങ്ങളുടെ തത്വങ്ങളും പാറ്റേണുകളും എല്ലാം പല നിറങ്ങളിൽ, പല ഭാവങ്ങളിൽ വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയപ്പോൾ കുട്ടികൾ മാത്രമല്ല, മറ്റ് അദ്ധ്യാപകരും വിദ്യാഭ്യാസ കേന്ദ്രങ്ങളുമൊക്കെ അത്ഭുത പരതന്ത്രരായി.

സുഹൃത്തും കമ്പ്യൂട്ടർ ഗ്രാഫിക്‌സ് വിദഗ്ദ്ധനുമായ അനൂപ് പ്ലാശനാലിന്റെ സഹായത്തോടെയാണ് ഗണിത വിസ്മയങ്ങൾ തയാറാക്കിയത്.

ലോക്ഡൗണിന്റെ ആദ്യകാലങ്ങളിൽ കുട്ടികൾക്ക് വേണ്ടി 'ലജൻസ് ടോക്ക് ' എന്ന പേരിൽ യൂറ്റൂബ് ചാനൽ

അനുപിന്റെ സഹായത്തോടെ തുടങ്ങുകയും അതിൽ കണക്കിലെ സൂത്രവിദ്യകൾ വേദഗണിതത്തിലൂടെ അവതരിപ്പിക്കുകയുമായിരുന്നു ജിസ്‌മോൻ. സ്‌കൂൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോൾ സ്വന്തം സ്‌കൂളിലെ കുട്ടികൾക്കായി ചാനലിൽ ഗണിത ക്ലാസുകൾ നയിച്ചു.നിരവധിയാളുകൾ വീഡിയോകൾ ഷെയർ ചെയ്തു. പല സ്‌കൂളുകളും ഈ വീഡിയോകൾ വിക്ടേഴ്‌സ് ക്ലാസുകൾക്ക് പിൻബലമായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. നിലവധി സിനിമകൾക്ക് കാമറ ചലിപ്പിച്ചിട്ടുള്ള അനൂപിന്റെ സഹായത്തോടെ ജിസ് മോൻ 'ഓഗ്മെന്റഡ് റിയാലിറ്റി' ക്ലാസ് റൂം സജ്ജമാക്കുകയാണ് ആദ്യം ചെയ്തത്.
ജിസ്‌മോന് പിന്തുണയുമായി സെന്റ് മേരീസ് സ്‌കൂൾ അധികൃതരും രംഗത്തുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രാഹം സ്‌കൂളിന്റെ മൾട്ടിമീഡിയാ റൂം 'ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റുഡിയോ ആക്കുവാൻ പൂർണമായും വിട്ടുനൽകി. റൂം മുഴുവൻ ഗ്രീൻ മാറ്റ് ചെയ്യാനുള്ള പുറപ്പാടിലാണ് ജിസ്‌മോനും അനൂപും. അത് സാധ്യമായാൽ ഗണിത ക്ലാസിൽ കൂടുതൽ അത്ഭുതങ്ങൾ കാണാം. ആ ദൃശ്യവിസ്മയത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും അധ്യാപകരും '