erattayar

കട്ടപ്പന: എഴുകുംവയലിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ പുരയിടങ്ങളിലെ വിളകൾ കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ച് നാമാവശേഷമാക്കി. രാത്രികാലങ്ങളിലാണ് ശല്യം രൂക്ഷമായിരിക്കുന്നത്. പുരയിടങ്ങൾക്കുചുറ്റും വേലി സ്ഥാപിച്ചിട്ടും കർഷകർക്ക് രക്ഷയില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദിനംപ്രതി കാട്ടുപന്നി ശല്യം വർദ്ധിച്ചുവരികയാണ്. എഴുകുംവയൽ മറ്റത്തിൽ എം.ജെ. വർഗീസിന്റെ രണ്ടേക്കർ സ്ഥലത്തെ കുരുമുളക്, ഏലം, ചേന, കപ്പ തുടങ്ങിയ വിളകൾ കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചു. കുരുമുളക് ചെടിയുടെയും ഏലത്തിന്റെയും വേരുകൾ ഉൾപ്പെടെ കുത്തിമറിച്ച നിലയിലാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ കരിഞ്ഞുണങ്ങി നശിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് നട്ട ചേനയും കുത്തിമറിച്ച് നശിപ്പിച്ചു. കൃഷി ഉപജീവനമാക്കിയ നിരവധി കർഷകർക്കാണ് വന്യമൃഗങ്ങൾ ഭീഷണിയായിരിക്കുന്നത്. വന്യമൃഗ സംരക്ഷണ നിയമത്തിന്റെ നരലാമാല ഭയന്ന് പിടികൂടാനും കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.
എഴുകുംവയലിലെ വന്യമൃഗ ശല്യം വനം, വൈദ്യുതി വകുപ്പ് മന്ത്രിമാർക്കും വനം വകുപ്പിനും പരാതികളും നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ പറഞ്ഞു.


ഇരട്ടയാർ 'ബാറ്റ്മാൻ' മാരുടെ സങ്കേതം

ഇരട്ടയാർ പഞ്ചായത്തിലെ കർഷകർക്ക് ഭീഷണിയായിരിക്കുന്നത് വവ്വാൽക്കൂട്ടമാണ്. ആയിരക്കണക്കിനു വവ്വാകളാണ് മരങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. അടയ്ക്ക, കൊക്കോ, ഗ്രാമ്പു തുടങ്ങിയവ ഇവറ്റകൾ തിന്നു നശിപ്പിക്കുന്നു. ഇവയുടെ വിസർജ്യം വീണ് ഏലവും കുരുമുളക് ചെടികളും ഉണങ്ങി നശിക്കുകയാണ്. വവ്വാൽക്കൂട്ടത്തെ ഭയന്ന് തൊഴിലാളികളും ജോലിക്ക് എത്തുന്നില്ല. ഇരട്ടയാറിലെ തുരങ്കമാണ് ഇവറ്റകളുടെ പ്രധാന താവളം. മഴക്കാലത്ത് തുരങ്കത്തിൽ നീരൊഴുക്ക് കൂടുതോടെ മരങ്ങളിൽ ചേക്കേറും. ഈ മരങ്ങൾ പിന്നീട് ഉണങ്ങി നശിക്കും. ഇവറ്റകളുടെ ശല്യം ഭയന്ന് കർഷകർ പുരയിടങ്ങളിലെ വലിയ മരങ്ങൾ വെട്ടിമാറ്റുകയാണ്. പടക്കം പൊട്ടിച്ച് വവ്വാൽക്കൂട്ടത്തെ അകറ്റാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു.