കട്ടപ്പന: ചക്കുപള്ളം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയില്‍ വ്യാപക അഴിമതിയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയതായി ആന്റണി കുഴിക്കാട്ട്, ശൗലി ഈശോ, ടിന്‍സി ഷിജു, ബിന്ദു ജയകുമാര്‍ എന്നിവര്‍ പറഞ്ഞു. അറ്റകുറ്റപ്പണിക്കായി 14.9 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഓഫീസിന്റെ മുന്‍വശത്ത് ഷീറ്റ് ഇട്ടതല്ലാതെ നാലുമാസമായി പണികളൊന്നും നടന്നിട്ടില്ല. കെട്ടിടത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗം അതേപടി നിലനില്‍ക്കുന്നു. യു.ഡി.എഫിന്റെ കാലത്ത് നിര്‍മിച്ച സഹായ കേന്ദ്രം എല്‍.ഡി.എഫ്. ഭരണസമിതി പൊളിച്ചുമാറ്റി മറ്റൊന്ന് നിര്‍മിച്ചു. ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി അതും പൊളിച്ചുനീക്കി. എന്നാല്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചുപോയിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ വരെ നിര്‍മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്യുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു.