കട്ടപ്പന: കൃഷിനാശം സംഭവിച്ച കർഷകൻ നഷ്ടപരിഹാരത്തിനായി അപേക്ഷയുമായി വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ അവഹേളിച്ചതായി ആക്ഷേപം. ഏലപ്പാറ തേങ്ങാക്കല്ല് എസ്.എൻ.വി. ജയദേവനെ അപമാനിച്ച സംഭവത്തിൽ ചെറുകിട കർഷക ഫെഡറേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കനത്ത മഴയിൽ ജയദേവന്റെ ഒന്നരയേക്കർ സ്ഥലത്തെ ഏലച്ചെടികൾ നശിച്ചിരുന്നു. തുടർന്ന് ഏലപ്പാറ വില്ലേജ് ഓഫീസിൽ എത്തിയ ഇദ്ദേഹത്തെ അപേക്ഷ സ്വീകരിക്കാതെ ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്ന് മനോവിഷമത്തിലായിരുന്ന ജയദേവൻ അടുത്തദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകരെ, ഉദ്യോഗസ്ഥർ മരണത്തിലേക്കു തള്ളിവിടുകയാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു.