covid

കോട്ടയം : ജില്ലയിൽ ഇന്നലെ 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 114 ഉം സമ്പർക്കം വഴി. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ പത്തുപേരും രോഗബാധിതരായി. സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചവരിൽ ആറുപേർ മറ്റു ജില്ലകളിലുള്ളവരാണ്. സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേർക്ക്. വിജയപുരം : 10, ഉഴവൂർ : 9, പനച്ചിക്കാട് : 7, മുണ്ടക്കയം : 5, അതിരമ്പുഴ, വൈക്കം : 4 വീതം, പനച്ചിക്കാട്, അകലക്കുന്നം, ചെമ്പ്, തൃക്കൊടിത്താനം, ഏറ്റുമാനൂർ : 3 വീതം എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ. 31 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ 940 പേരാണ് ചികിത്സയിലുള്ളത്.


വിജയപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 50 രോഗികൾ
രോഗ ഉറവിടമായ എം.ആർ.എഫ്
അടയ്‌ക്കേണ്ടെന്ന് തീരുമാനം

കോട്ടയം : ജീവനക്കാരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറിലേറെ പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും എം.ആർ.എഫ് ഫാക്ടറി അടച്ചിടേണ്ടെന്ന നിലപാടിൽ അധികൃതർ. ജീവനക്കാരനായ ഒരാളുടെ പിതാവ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിട്ടും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം. ഫാക്ടറി സ്ഥിതി ചെയ്യുന്ന വിജയപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അൻപതിലേറെ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ഫാക്ടറി സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്പനിയുമായി ബന്ധപ്പെട്ട 94 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കമ്പനി തുറന്നു പ്രവർത്തിക്കുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കമ്പനിയിലേയ്ക്ക് ലോറികൾ എത്തുന്നുണ്ട്. ഇവിടങ്ങളിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു കമ്പനി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്ക അകലുന്നില്ല. കമ്പനി താല്കാലികമായെങ്കിലും അടച്ചിട്ട് രോഗ പ്രതിരോധ മാർഗങ്ങൾ പൂർണമായും നടപ്പിലാക്കണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ എണ്ണം പാതിയായി കുറച്ചതായി കമ്പനി മാനേജ്‌മെന്റ് അവകാശപ്പെടുന്നു. ജീവനക്കാർക്ക് പരിശോധന ഉറപ്പു വരുത്തുന്നുണ്ടെന്നും , ആവശ്യമുള്ളവർക്ക് ക്വാറന്റൈൻ സൗകര്യം ക്രമീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.