കട്ടപ്പന: കല്യാണത്തണ്ട് ക്ഷേത്രത്തിലെ കവർച്ചയ്ക്ക് പിന്നാലെ കട്ടപ്പനയിൽ വീണ്ടും മോഷണശ്രമം. ഇരുപതേക്കർ മാടപ്പള്ളിയിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീടാണ് ചൊവ്വാഴ്ച രാത്രി കുത്തിത്തുറന്നത്. അയൽവാസിയുടെ വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കട്ടിളയും കുത്തിപ്പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ അയൽവാസികളാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിലും വീട്ടുടമയുടെ ബന്ധുക്കളെയും വിവരമറിയിച്ചു. വീട്ടുടമ സ്ഥലത്തെത്തിയാൽ മാത്രമേ മോഷണം നടന്നിട്ടുണ്ടോയെന്നു വ്യക്തമാകൂ. പൊലീസ് മേൽനടപടി സ്വീകരിച്ചു.
കഴിഞ്ഞ 15ന് രാത്രി കല്യാണത്തണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രത്തിൽ നിന്നു 20,000ൽപ്പരം രൂപയും സ്വർണാഭരണങ്ങളും മോഷണം പോയിയിരുന്നു. അതേദിവസം വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിലും മോഷണശ്രമമുണ്ടായി.