പാലാ: പൈക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരുടെ ആന്റിജൻ പരിശോധന ഫലം പോസിറ്റീവായി. മീനച്ചിൽ പഞ്ചായത്തിലെ കുമ്പാനി സ്വദേശിയായ 43കാരനും എലിക്കുളം പഞ്ചായത്തിലെ തമ്പലക്കാട് സ്വദേശിയായ 52 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പൈക ആരോഗ്യം കേന്ദ്രം താത്കാലികമായി അടപ്പിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരുമെത്തി ആശുപത്രിയും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. 4 ഡോക്ടർമാർക്കും ഇന്നലെ ഡ്യൂട്ടിയിലുള്ളവർക്കും ഒരാഴ്ചത്തെ നിരീക്ഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി ഇന്ന് മുതൽ പ്രവർത്തിക്കും. ഒരു ഡോക്ടറും കഴിഞ്ഞദിവസം അവധിയെടുത്തവരും സേവനത്തിനുണ്ടാകും. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ വിളക്കുമാടം സ്വദേശിക്കും നിരീക്ഷണം നിർദ്ദേശിച്ചിട്ടുണ്ട്.

കുമ്പാനി സ്വദേശിയായ ജീവനക്കാരന് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്നലെ വൈകിട്ട് ഇയാളുടെ കുമ്പാനിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ആന്റിജൻ പരിശോധനക്ക് വിധേയരാക്കി. ഇതിൽ യുവാവിന്റെ മാതാവിനും (67) കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. കുമ്പാനിക്ക് സമീപം ഇവർ നടത്തുന്ന ഹോട്ടൽ 14 ദിവസത്തേക്ക് അടപ്പിച്ചു. പൂവരണിയിലെ പച്ചക്കറി കടയിലും പൊൻകുന്നം റോഡിലുള്ള പെട്രോൾ പമ്പിലും ആരോഗ്യവകുപ്പ് അണുനശീകരണം നടത്തി. 67കാരിയുടെ സമ്പർക്കപട്ടിക തയാറാക്കിവരികയാണ്. കുടുംബാംഗങ്ങൾ ഇന്നലെ പാലാ ജനറൽ ആശുപത്രിയിൽ സ്രവപരിശോധന നടത്തിയിട്ടുണ്ട്.

ഏഴാച്ചേരിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്തെ സ്ഥാപനത്തിലെ ജീവനക്കാരനായ 23കാരനാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഈ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. യുവാവുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവാവിനെ തുടർചികിത്സയ്ക്കായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.