കട്ടപ്പന: കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കട്ടപ്പന നഗരം അടച്ചിട്ട് പ്രതിരോധം ശക്തമാക്കി. ടൗണ്‍ ഉള്‍പ്പെടുന്ന 17-ാം വാര്‍ഡ് പൂര്‍ണമായും 20-ാം വാര്‍ഡിലെ ചേന്നാട്ടുമറ്റം ജംഗ്ഷന്‍ മുസ്ലീം പള്ളി മുതല്‍ ഇടുക്കിക്കവല, സംഗീത ജംഗ്ഷന്‍, വെയര്‍ ഹൗസ് റോഡ്, ബൈപാസ് റോഡ് എന്നീ ഭാഗങ്ങളും കണ്ടെയ്ന്‍മെന്റ് സോണിലാണ്. കൂടാതെ എട്ടാം വാര്‍ഡിലെ കല്ലുകുന്ന് ഭാഗവും 13-ാം വാര്‍ഡിലെ സാഗര കോളനി ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാണ്. അതേസമയം നഗരത്തിലെ ചില ഭാഗങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടില്ല. പരിശോധന കര്‍ശനമല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്ക് എത്തുന്നുണ്ട്.
ഉപ്പുതറ, ഇടുക്കി, അടിമാലി, ഇരട്ടയാര്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ ഇടുക്കിക്കവല വരെയും കുമളി, നെടുങ്കണ്ടം മേഖലകളിലേക്കുള്ള ബസുകള്‍ പാറക്കടവ് റോഡിലെ പെട്രോള്‍ പമ്പ് വരെയും സര്‍വീസ് നടത്തി.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയും പൊതുമേഖല, ദേശസാത്കൃത ബാങ്കുകള്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും തുറന്നു പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സികള്‍ക്കും നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കാം. കഴിഞ്ഞ ഏഴുദിവസത്തിനിടെ 26 പേര്‍ക്കാണ് കട്ടപ്പനയില്‍ കൊവിഡ് ബാധിച്ചത്. ഇന്നലെ നാലുപേര്‍ക്കും ബുധനാഴ്ച 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.