കോട്ടയം : ഓണക്കിറ്റിന്റെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ചങ്ങനാശേരി, പൊൻകുന്നം, പാമ്പാടി, പാലാ എന്നിവിടങ്ങളിലായിരുന്നു മിന്നൽ പരിശോധന. ചങ്ങനാശേരിയിൽ ശർക്കരയ്ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഒാരോ കിറ്റിലും ഒരുകിലോ ശർക്കര നിറക്കാനാണ് നിർദ്ദേശമെങ്കിലും ഇത് പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഗവ.എച്ച്.എസിലെ മിനിഹാളാണ് ചങ്ങനാശേരിയിലെ കിറ്റ് തയ്യാറാക്കൽ കേന്ദ്രം. കിറ്റിന് 500 രൂപയുടെ മൂല്യമില്ലെന്നും പരിശോധനയിൽ വ്യക്തമായി.