പാലാ: ബി.ജെ.പി മുൻ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്, കേരളകോൺഗ്രസ്, സി.പി.ഐ, എൻ.സി.പി എന്നീ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും കൊട്ടാരമറ്റം ഇ.എം.എസ് മന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഹാരമണിയിച്ച് സ്വികരിച്ചു.
ബി.ജെ.പി മുൻ പാലാ നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ അസ്വ. ബിനു പുളിയ്ക്കക്കണ്ടത്തിന്റെ നേതൃത്വത്തിലാണ് നഗരസഭയിലെ 13, 14, 15 വാർഡുകളിലെ എൺതോളം കുടുംബങ്ങളിൽ നിന്നുള്ള നൂറിൽപരം ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിനൊപ്പമെത്തിയത്. എൻ.സി.പി. മുൻ സംസ്ഥാന കമ്മിറ്റിയംഗവും വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റുമായ അനിൽ ആറുകാക്കൽ, സി.പി.ഐ മുൻ നിയോജകമണ്ഡലം കമ്മിറ്റിയംഗവും കിസാൻസഭ ജില്ലാ നേതാവുമായ കെ.എസ് രാമചന്ദ്രൻ എന്നിവരെയും സി.പി.എമ്മിലേക്ക് സ്വീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല, വി.ജി. വിജയകുമാർ, അഡ്വ.ബിനു പുളിയ്ക്കക്കണ്ടം ഏരിയാ സെക്രട്ടറി പി.എം. ജോസഫ്,കെ.എസ് രാജു എന്നിവർ സംസാരിച്ചു.