ചങ്ങനാശേരി: ഓണക്കാലത്ത് നഗരത്തിൽ വാഹന തിരക്ക് ഒഴിവാക്കുവാനും കടകളിലെ തിരക്ക് കുറയ്ക്കാനും കർശന നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്. മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളുമായും വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുമായും ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് കുമാർ ചർച്ച നടത്തി. എല്ലാവിധ സഹകരണങ്ങളും വ്യാപാരികൾ ഉറപ്പുനല്കി. ചങ്ങനാശേരി എസ്.ഐ സമീർഖാൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാല പറമ്പിൽ, വ്യാപാരി വ്യവസായി സമതി ഏരിയ സെക്രട്ടറി ജോജി ജോസഫ് എന്നിവരും സി.ഐ യുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
നിയന്ത്രണങ്ങൾ ഇങ്ങനെ
സെൻട്രൽ ജംഗ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെ റോഡിന്റെ വടക്കുവശത്തു മാത്രമെ സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.
കടയുടമകൾ സ്വന്തം വാഹനങ്ങൾ ഈ ദിവസങ്ങളിൽ കടയുടെ മുൻപിൽ പാർക്ക് ചെയ്യാൻ പാടില്ല.
മാർക്കറ്റ് റോഡിൽ നിന്ന് അസീസി റോഡിലേക്ക് വൺവെ ആയിരിക്കും. ചെറുവാഹനങ്ങൾ അതു വഴി തിരിഞ്ഞു പോകണം.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും തിരക്കുള്ള കടകളും ഉപഭോക്താക്കളെ കടകളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
പ്രവേശനകവാടം കയർ കെട്ടി നിയന്ത്രിക്കും.
ആളുകൾക്ക് ക്യൂ നില്ക്കാൻ മാർക്ക് ചെയ്യണം.
സാധനങ്ങൾ പരമാവധി ഡോർ ഡെലിവറി നൽകുന്നതിന് വ്യാപാരികൾ ശ്രദ്ധിക്കണം.
എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
സാനിറ്റൈസർ ഉപയോഗിക്കാൻ നൽകണം.
കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7വരെ മാത്രമായിരിക്കും.