കോട്ടയം: പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരെ മുഴുവൻ പേരെയും കണ്ടെത്തിയിട്ടേ മടങ്ങുവെന്ന ദൃഢനിശ്ചയത്തോടെ തിരച്ചിൽ സംഘം. വനത്തിനുള്ളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. സംഘം പുലിയുടെ മുമ്പിൽപെട്ടതോടെ സായുധസേനയുടെ സഹായം തേടിയിട്ടുണ്ട്. ഇനിയും അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ ഗർഭിണിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. 14 ദിവസമായി തിരച്ചിൽ തുടരുകയാണ്. കൗശിക (15), ശിവരഞ്ജിനി (15), ഗർഭിണിയായ മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദൂരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. റെഡാർ സംവിധാനം പ്രയോജനപ്പെടുത്തിയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ദുർഘടമായ ഭൂതക്കുഴി ഭാഗത്ത് പുലിയടക്കമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം തിരച്ചിൽ ജോലികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും തിരച്ചിൽ സംഘത്തിന് ലഭിക്കുന്നുണ്ട്.