fight

പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ ചുമട്ടുതൊഴിലാളിയും ഓട്ടോഡ്രൈവറും തമ്മിൽ ഏറ്റുമുട്ടി. അരമണിക്കൂറോളം അസഭ്യവർഷവും ഏറ്റുമുട്ടലും തുടർന്നു. കഴിഞ്ഞ കുറെ നാളുകളായി ടൗൺ ബസ് സ്റ്റാൻഡ് സംഘർഷ ഭൂമിയായി മാറിയിരിക്കുകയാണ്.

മൂന്നാഴ്ച മുമ്പ് ഒരു മദ്യപാനി വനിതാ പൊലീസിനെ കയ്യേറ്റം ചെയ്തിരുന്നു. സ്റ്റാൻഡിലെ വ്യാപാരികളും ചില യാത്രക്കാരും വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുത്തിരുന്നു. ആറുമാസത്തിനിടെ ടൗൺ ബസ് സ്റ്റാൻഡിൽ ചെറുതും വലുതുമായ പത്തോളം സംഘട്ടനങ്ങളാണ് നടന്നത്.
ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബസ് കാത്തു നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയാണിപ്പോൾ. പകൽ പോലും മദ്യപാനികളും മറ്റ് അനാശാസ്യക്കാരും ബസ്റ്റാൻഡ് കൈയ്യടക്കുകയാണ്. ഇതാകട്ടെ ഇവിടെ എത്തുന്ന യാത്രക്കാർക്കും സ്റ്റാൻഡിലെ വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചുമട്ടുതൊഴിലാളിയും ഓട്ടോഡ്രൈവറും തമ്മിൽ ഏറ്റുമുട്ടിയത്. യാത്രക്കാർ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽപ്പോലും മദ്യപാനികൾ ബോധംകെട്ട് കിടക്കുന്നത് നിത്യ കാഴ്ചയാണ്. ബസ് സ്സാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പലതവണ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.