neelakurinji

കോട്ടയം: ഇടുക്കി പൂപ്പാറയിൽ കാഴ്ച്ചയുടെ വസന്തോത്സവം ഒരുക്കി നീലക്കുറിഞ്ഞി പൂത്തുതുടങ്ങി. മലഞ്ചെരുവുകളിൽ ഏക്കർ കണക്കിന് സ്ഥലത്താണ് നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയത്. തോണ്ടിമലയിലെ പുൽമേടുകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. കൊവിഡ് നിരോധനത്തിനിടയിലും ആളുകൾ വസന്തം ആസ്വദിക്കാൻ കാറുകളിലും ബൈക്കുകളുമായി എത്തിത്തുടങ്ങി. ഇതോടെ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തോണ്ടിമലയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമ ഘട്ട മലനിരയിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയവും കാണാം. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിൽ ഒരു മാസം മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

കാണാതെ പോയ വസന്തം

12 വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുക. നീലക്കുറിഞ്ഞി പൂക്കുമ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി പതിനായിരങ്ങളാണ് പ്രതിദിനം എത്തിയിരുന്നത്. ടൂറിസ്റ്റ് ഏജൻസികൾ പ്രത്യേക പാക്കേജിൽ വിദേശ ടൂറിസ്റ്റുകളെ കൂട്ടമായി എത്തിക്കുക പതിവായിരുന്നു. 2018 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രാജമലയിൽ നീലക്കുറിഞ്ഞി പരക്കെ പൂത്തത്. ഈ വസന്തം ആസ്വദിക്കാൻ വിദേശിയർ ഉൾപ്പെടെയുള്ളവർ ഹോട്ടലുകളും മറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോഴാണ് മഹാപ്രളയം എത്തിയത്. ഇതിൽ മൂന്നാറിലേക്കും രാജമലയിലേക്കുമുള്ള റോഡുകൾ തകർന്നു. പല പാലങ്ങളും മലവെള്ളപാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ രാജമലയിലേക്കുള്ള ഗതാഗതം നിശ്ചലമായി. ടൂറിസ്റ്റുകൾ ബുക്കിംഗുകൾ കാൻസൽ ചെയ്ത് നാടുകളിലേക്ക് മടങ്ങി. ഇന്നാട്ടുകാർക്കുപോലും നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാനായില്ല. ഇതോടെ ടൂറിസം വകുപ്പിന് നഷ്ടമായത് ലക്ഷങ്ങൾ.