കോട്ടയം: പാൽ വാങ്ങാനാളില്ല, ചായക്കടകളടച്ചു, പ്രദേശം കണ്ടെയ്ൻമെന്റ് സോണും! കൊവിഡ് കാലത്ത് ദുരിതക്കാഴ്ചയായി വൈക്കം ബ്രഹ്മമംഗലത്തെ ക്ഷീരകർഷകരുടെ പ്രതിഷേധം. 200 ലിറ്റർ പാലാണ് കർഷകർ ഒഴുക്കിക്കളഞ്ഞത്. ബ്രഹ്മമംഗലത്തെ ഒട്ടുമിക്കവരും കൊവിഡ‌് വ്യാപിച്ചതിനെ തുടർന്ന് ക്വാറന്റെയിനിലാണ്. ഇതോടെ പശുക്കൾക്ക് പുല്ല് ശേഖരിക്കാനോ കുളിപ്പിക്കാനോ പരിപാലിക്കാനോ കഴിയുന്നില്ല.
കർഷകർ പട്ടിണിയിൽ
ചെമ്പ് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത് വാർഡുകളും സമീപത്തെ വെള്ളൂർ പഞ്ചായത്തിലെ 13, 14 വാർഡുകളും കൺടെയ്ൻമെന്റ് സോണാണ്. ഇവിടെ 21 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 200 ലേറെപ്പേർ നിരീക്ഷണത്തിലുമാണ്. ഇതോടെ ഈ പ്രദേശത്തെ ആളുകൾക്ക് പുറത്തിറങ്ങാനോ കറന്നെടുക്കുന്ന പാൽ സൊസൈറ്റികളിലോ വീടുകളിലോ എത്തിക്കുന്നതിനോ സാധിക്കുന്നില്ല. ഈ പ്രദേശം ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. പശുക്കളെ പരിപാലിക്കാൻ ആവശ്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതായതോടെ കർഷകർ പട്ടിണിയിലായി. പ്രദേശത്തെ ആറ് ക്ഷീരകർഷകരാണ് കഴിഞ്ഞദിവസം പാൽ ഒഴുക്കിക്കളഞ്ഞത്. 22 പശുക്കളെ വളർത്തുന്ന കർഷകരും ഇക്കൂട്ടത്തിലുണ്ട്. ഒന്നോ രണ്ടോ പശുക്കളെ വളർത്തി കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്നവരാണ് ഏറിയപങ്കും.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ ക്വാറന്റെയിനിൽ കഴിയുന്ന ക്ഷീരകർഷകർക്ക് സൗജന്യമായി കാലിതീറ്റ വിതരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കർഷകരെ മൃഗസംരക്ഷണ വകുപ്പും സർക്കാരും കൈവിട്ടിരിക്കയാണ്. കാലിതീറ്റയോ മറ്റ് സഹായങ്ങളോ നല്കുന്നില്ല.
ബാങ്ക് വായ്പ എടുത്താണ് 90 ശതമാനം കർഷകരും കാലികളെ വാങ്ങുന്നത്. പലിശ സമയത്ത് അടച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന അങ്കലാപ്പിലാണ് ക്ഷീരകർഷകർ.
"പാൽ വില്ക്കാതെ കാലിതീറ്റവാങ്ങാൻ കർഷകർക്ക് എവിടെനിന്ന് പണം ലഭിക്കും?കാലിതീറ്റ സർക്കാർ സൗജന്യമായി വിതരണം ചെയ്യണം"
സന്തോഷ് തെന്നാപ്പള്ളിൽ
പ്രസിഡന്റ്
ബ്രഹ്മമംഗലം ക്ഷീരോല്പാദക സഹകരണ സംഘം