jaggary

കോട്ടയം: ചങ്ങനാശേരിയിൽ ഓണക്കിറ്റിലെ ശർക്കരയിൽ വെട്ടിപ്പ് . ഇക്കാര്യത്തിൽ സപ്ലൈക്കോ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചതായി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ എസ്.പി വി.ജി വിനോദ്‌കുമാർ വിജിലൻസ് ഡയറക്‌ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ക്ലീൻ കിറ്റിൻ്റെ ഭാഗമാണ് വ്യാഴാഴ്‌ച ജില്ലയിലും റെയിഡ് നടത്തിയ്. ചങ്ങനാശ്ശേരി, പാമ്പാടി, പൊൻകുന്നം, പാല എന്നീ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ചങ്ങനാശേരിയിലെ കിറ്റ് നിറയ്‌ക്കുന്ന കേന്ദ്രത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. പൂത്തതും കറുത്തതും വെള്ളം ഒഴുകിയിറങ്ങുന്നതുമായ ശർക്കരയാണ് ഇവി‌ടെ കിറ്റിൽ നിറച്ചിരുന്നത്. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലെന്നാണ് ഇവരുടെ പ്രാഥമിക റിപ്പോർട്ട്. പരിശോധനയ്‌ക്കായി സാമ്പിൾ ലാബിലേയ്‌ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്ന ശേഷം ശർക്കര വിതരണം ചെയ്താൽ മതിയെന്ന് ജില്ല ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ നിർദ്ദേശിച്ചു.

സി.പി.എം നേതൃത്വം നൽകുന്ന കോഴിക്കോട്ടെ ഒരു സഹകരണ സംഘത്തിൽ നിന്നാണ് ഈ ശർക്കര എത്തിച്ചത്.

ശർക്കര പൂത്തതും കറുത്തതും വെള്ളം ഒഴുകിയിറങ്ങുന്നതും.

പായ്ക്കറ്റിൽ തൂക്കവും ഉത്പാദന തീയതിയും കാലാവധിയുമില്ല.

പല കിറ്റുകളിലും തൂക്കത്തിൽ 130 ഗ്രാം വരെ കുറവ് കണ്ടെത്തി.

കിറ്റിന്റെ വില സപ്ലൈകോയുടെ 500 രൂപയിൽ കുറവാണ്.

ക്രമക്കേട് വ്യക്തം

പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ച വ്യ‌ക്തമായി. തൂക്കത്തിലും ഗുണനിലവാരത്തിലും ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

വി.ജി വിനോദ്‌കുമാർ, എസ്.പി, വിജിലൻസ്