കോട്ടയം: ഈരയിൽക്കടവിലെ നടപ്പാതയിൽ നിന്നും വൈദ്യുതി പോസ്റ്റ് മാറ്റാനുള്ള കെ.എസ്.ഇ.ബി നീക്കം കൗൺസിലർമാരുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ തടഞ്ഞു. ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ റോഡിന്റെ നടപ്പാതയിൽ കയറ്റി സ്ഥാപിച്ച പോസ്റ്റ് മാറ്റാനുള്ള നീക്കമാണ് തടഞ്ഞത്. ഇതേ തുടർന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.

ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഈരയിൽക്കടവ് മുതൽ മണിപ്പുഴ വരെ റോഡരികിൽ നടപ്പാലം നിർമ്മിക്കുന്നതിനു കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി റോഡരികിൽ നടപ്പാതയ്ക്ക് മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗവും തമ്മിൽ ധാരണയിലും എത്തിയിരുന്നു. ഇത് അനുസരിച്ച് പോസ്റ്റ് റോഡരികിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണ് ഇന്നലെ രാവിലെ സി.പി.എം കൗൺസിലർമാരായ ഷീജ അനിലിന്റെയും സനൽ തമ്പിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാറും ഇവരോടൊപ്പമുണ്ടായിരുന്നു.


52 പോസ്റ്റുകൾ
ഈരയിൽക്കടവ് മുതൽ മണിപ്പുഴ ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററിൽ എട്ടര ലക്ഷത്തോളം രൂപ മുടക്കി 52 വൈദ്യുതി പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോസ്റ്റുകൾ സ്ഥാപിച്ചത് ഇവിടെ നടപ്പാത നിർമ്മിക്കാനായി മാറ്റിവച്ചിരുന്ന സ്ഥലത്തിന്റെ മധ്യഭാഗത്തായാണ് എന്ന ആരോപണം ഉയർത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ആദ്യം എത്തിയത്. ഇതോടെ ഇതിനെതിരെ സി.പി.എം നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ ദിവസം പോസ്റ്റ് മാറ്റുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിലേയ്ക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് പ്രദേശത്തെ രണ്ടു സി.പി.എം കൗൺസിലർമാരും ആരോപിക്കുന്നു. എന്നാൽ, പോസ്റ്റ് നടപ്പാതയുടെ നടുവിൽ തന്നെ നിർത്തി റോഡ് കൈയേറ്റത്തിനാണ് സി.പി.എം ഇപ്പോൾ ശ്രമം നടത്തുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം..


നാട്ടുകാരുടെ വികാരം

മനസിലാക്കുന്നില്ല

ഈരയിൽക്കടവിൽ വെളിച്ചം വേണമെന്നും, മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്നുമുള്ള നാട്ടുകാരുടെ വികാരം എം.എൽ.എ മനസിലാക്കുന്നില്ല. വെളിച്ചം കെടുത്താനുള്ള ഗൂഢ പദ്ധതിയാണ് എം.എൽ.എയ്ക്കുള്ളത്. ഇത് അനുവദിക്കില്ല.


അഡ്വ.ഷീജ അനിൽ

കൗൺസിലർ


സി.പി.എം വ്യക്തമാക്കണം

റോഡിനു നടുവിലിട്ട പോസ്റ്റ് നീക്കം ചെയ്യാനെത്തിയവരെ തുരത്തിയോടിച്ചത് പൊതുമരാമത്ത് മന്ത്രിയുടെ അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണം. ഹൈക്കോടതിയും, മന്ത്രിയും പോലും അംഗീകരിക്കാത്ത കാര്യത്തിനു വേണ്ടിയാണ് ഇപ്പോൾ സി.പി.എം ഇവിടെ സമരം ചെയ്യുന്നത്.


തിരുവഞ്ചൂർ രാധാകൃഷ്ണൻ

എം.എൽ.എ