കോട്ടയം: നിയമസഭയിൽ 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും , സർക്കാരിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടു നിൽക്കണമെന്ന വിപ്പ് കേരളകോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിലെ മൂന്ന് എം.എൽഎമാർക്ക് ജോസ് വിഭാഗം ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ നൽകി.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചർച്ചയിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും വിട്ടു നിൽക്കുന്നത് കൂറുമാറ്റനിരോധന നിയമപ്രകാരം കുറ്റമാണെന്നും കാട്ടി ജോസ് വിഭാഗത്തിലെ രണ്ട് എം.എൽഎമാർക്ക് മോൻസ് ജോസഫും വിപ്പു നൽകിയതോടെ സ്പീക്കറുടെ തീരുമാനമാകും നിർണായകമാവും.
നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിനാണ് കേരളാ കോൺഗ്രസ് വിപ്പ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനുള്ള തീരുമാനത്തിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസ് വിഭാഗത്തിലെ ഡോ.എൻ.ജയരാജ് എം.എൽ.എ.അറിയിച്ചു .
കെ.എം.മാണി ജീവിച്ചിരുന്ന കാലത്ത് ആറ് എം.എൽഎമാർ ചേർന്ന് നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു .മാണിയുടെ മരണത്തോടെ മൂന്ന് എം.എൽ.എമാർ ജോസഫ് പക്ഷത്തായി. അവർ യോഗം ചേർന്ന് മോൻസ് ജോസഫിനെ വിപ്പായി തിരഞ്ഞെടുത്തു. ഇതിനെതിരെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ പരാതി നിലനിൽക്കുകയാണ്.
ഇരുവിഭാഗവും അധികാരതർക്കം പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ചിഹ്നം .ചെയർമാൻ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. .ഇരു പക്ഷം വിപ്പ് പുറപ്പെടുവിച്ചതോടെ വിപ്പ് അധികാരവും കോടതി കയറിയേക്കും.
യു.ഡി.എഫ് വിപ്പ് ജോസ് വിഭാഗത്തിനും
തിരുവനന്തപുരം: സഭാസമ്മേളനത്തിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ച് മുന്നണിയിലെ മുഴുവൻ അംഗങ്ങൾക്കും യു.ഡി.എഫ് നിയമസഭാകക്ഷി ചീഫ് വിപ്പ് സണ്ണി ജോസഫ് വിപ്പ് നൽകി.
കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗം അംഗങ്ങളായ റോഷി അഗസ്റ്റിനും പ്രൊഫ.എൻ. ജയരാജിനും വിപ്പ് ബാധകമാണ്. ജോസ് കെ.മാണി വിഭാഗത്തെ മുന്നണി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമേ വിലക്കിയിട്ടുള്ളൂ എന്നും യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.