കോട്ടയം: ശാസ്ത്രി റോഡിലെ തണൽമരങ്ങൾ വെട്ടിമാറ്റാതെ നാലുവരിപ്പാത പണിയാൻ തീരുമാനമായി . റോഡ് വികസനത്തിന് മഴമരങ്ങൾ മുറിച്ചുമാറ്റുന്ന വിവരം ആഗസ്റ്റ് നാലിന് കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. പരിസ്ഥിതി സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലും മരംവെട്ടിനെതിരെ പ്രതിഷേധം ഉയർന്നു . സ്കൂൾ വിദ്യാർത്ഥികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് കത്തയച്ചു. വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമേറിയതോടെ തിരുവഞ്ചൂർ ഇന്നലെ സ്ഥലം സന്ദർശിച്ചശേഷമാണ് മരങ്ങൾ വെട്ടില്ലെന്ന് ഉറപ്പു നൽകിയത്.
പത്തു കോടി രൂപയുടെ റോഡു വികസനമാണ് ശീമാട്ടി റൗണ്ടാന മുതൽ കഞ്ഞിക്കുഴി വരെ റോഡ് ഉയർത്തി വീതികൂട്ടി നാലുവരിപാതയാക്കുന്ന പദ്ധതി. റോഡിന് ഇരുവശങ്ങളിലും ഷോപ്പിംഗിനും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ വെട്ടാൻ തീരുമാനിച്ചത്. 14 മഴമരത്തിനു പുറമേ , മഹാഗണി , പാല, വാക, നാഗമരം, അരണ, അത്തി അടക്കം 34 മരങ്ങളാണ് ശാസ്ത്രി റോഡിലുള്ളത്. കോട്ടയം നഗരത്തിൽ ഇത്രയും തണൽ മരങ്ങളുള്ള മറ്റൊരു റോഡില്ല.
10 കോടിയുടെ
വികസനം
മരം വെട്ടാത്ത വികസനം
കേരളത്തിന്
മാതൃകയാവും
വശങ്ങളിലുള്ള മരങ്ങൾ വെട്ടാതെ ഓട നിർമിക്കും . കോട്ടയം പബ്ലിക് ലൈബ്രറിയിൽ പുസ്തകം എടുക്കാൻ വരുന്ന കുട്ടികൾ ശാസ്ത്രിറോഡിലെ മരങ്ങൾ തങ്ങൾക്ക് തണലാണ് അത് വെട്ടിക്കളയരുതെന്ന് അഭ്യർത്ഥിച്ച് കത്തയച്ചിരുന്നു. മരങ്ങൾ നിലനിറുത്തണമെന്ന ആവശ്യം മാദ്ധ്യമങ്ങളും ഉയർത്തി. പരിസ്ഥിതി സൗഹൃദ വികസനമാണ് എന്നും ലക്ഷ്യമിട്ടിട്ടുള്ളത്. 99 ശതമാനം മരങ്ങളും നിലനിർത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
മരങ്ങൾ വെട്ടാതെ റോഡ് വികസിപ്പിക്കുകയും നടപ്പാതയ്ക്കും ഓടകൾക്കും ഇടയിൽ മരങ്ങൾ നിലനിർത്തുകയും ചെയ്യാം. മരങ്ങൾ നിലനിർത്തി റോഡ് എങ്ങനെ വികസിപ്പിക്കാമെന്നതിന്റ കേരളത്തിലെ മാതൃകയാകട്ടെ ശാസ്ത്രി റോഡിലെ വികസനം . ഇതിന് താത്പര്യം കാണിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും ഈ വിഷയം ശക്തമാക്കി പൊതുജനാഭിപ്രായം രൂപീകരിച്ച കേരള കൗമുദിക്കും നന്ദി.
ഡോ.കെ.ശ്രീകുമാർ, (കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ്)