പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ ചുമട്ടുതൊഴിലാളിയും ഓട്ടോഡ്രൈവറും തമ്മിൽ ഏറ്റുമുട്ടി. അരമണിക്കൂറോളം അസഭ്യവർഷവും പരസ്പരമുള്ള ഏറ്റുമുട്ടലും നടന്നു. കഴിഞ്ഞ കുറെ നാളുകളായി ടൗൺ ബസ്റ്റാൻഡ് സംഘർഷ ഭൂമിയായി മാറിയിരിക്കുകയാണ്. അടിയെക്കുറിച്ച് അറിഞ്ഞാലും പാലാ പൊലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. മൂന്നാഴ്ച മുമ്പ് ഒരു മദ്യപാനി വനിതാ പൊലീസിനെ കൈയേറ്റം ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി. തുടർന്ന് സ്റ്റാൻഡിലെ വ്യാപാരികളും ചില യാത്രക്കാരും വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസെത്തി അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.എന്നാൽ പെറ്റിക്കേസ് മാത്രമെടുത്ത് ഇയാളെ പറഞ്ഞു വിട്ടു. ആറുമാസത്തിനിടെ ടൗൺ ബസ്റ്റാൻഡിൽ ചെറുതും വലുതുമായ പത്തോളം സംഘട്ടനങ്ങളാണ് നടന്നത്. സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡുകൾ പലപ്പോഴും മദ്യപാനികളാണ് കൈയടക്കുന്നത്. ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബസ് കാത്തു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. പകൽ പോലും മദ്യപാനികളും മറ്റ് അനാശാസ്യക്കാരും ബസ് സ്റ്റാൻഡിൽ തമ്പടിക്കുകയാണ്.