പാലാ : ജുഡീഷ്യൽ കോംപ്ലക്‌സ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും കാറിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വയോധികനായ ഡോക്ടർക്കെതിരെ കേസ്. പാലാ അഡീഷണൽ ജില്ലാ സെഷൻസ് ആൻഡ് എം.എ.സി.ടി. ജഡ്ജി കെ. കമനീഷിന്റെയും ജീവനക്കാരനായ സുധാകരന്റെയും കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ മൂന്നാനി വെട്ടത്ത് ഡോ. ജോർജുകുട്ടി (80, ജോർജ് വെട്ടം) ക്കെതിരെയാണ് കേസ്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി വളപ്പിലെ വാഹനങ്ങൾ അടിച്ച് തകർത്ത ശേഷം തൊട്ടടുത്തുള്ള റിട്ട. എസ്.ഐ. ലാലുവിന്റെ വീട്ടുമുറ്റത്തെ കാറിന്റെ ചില്ലും തകർത്തു. ലാലുവാണ് ഡോക്ടറെ പിടികൂടി പാലാ പൊലീസിൽ ഏൽപ്പിച്ചത്.
മുണ്ടക്കയത്തെ ഒരു സ്വകാര്യാശുപത്രിയിൽ അടുത്തകാലം വരെ ഡോ. ജോർജുകുട്ടി ജോലി ചെയ്തിരുന്നു. നാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.