arjun

കോട്ടയം: അത്തച്ചമയവും സർക്കാർ ഓണാഘോഷപരിപാടികളും കൊവിഡിൽ മുങ്ങിയതോടെ താളം നിലച്ച ആയിരക്കണക്കിന് അനുഷ്ഠാന കലാകാരന്മാർക്ക് പട്ടിണിയുടെ കണ്ണീരോണം.

മാർച്ചിൽ കൊവിഡ് വ്യാപനത്തോടെ ക്ഷേത്രങ്ങൾ അടച്ചപ്പോൾ ഒരു വർഷത്തെ പ്രധാന വരുമാനമാർഗമായ ഉത്സവകാലം നഷ്ടമായി. അത്തച്ചമയവും ഒരാഴ്ചയിലേറെ നീളുന്ന ജില്ലാ, സംസ്ഥാന തല ഓണാഘോഷപരിപാടികളുമായിരുന്നു പിന്നെ പ്രതീക്ഷ. രണ്ട് ആഘോഷവും സർക്കാർ ഉപേക്ഷിച്ചതോടെ കലാകാര പെൻഷൻ മാത്രമാണ് ഏക വരുമാനം. അത് മരുന്നു വാങ്ങാൻ തികയുകയുമില്ല .കൊവിഡ് കാലത്ത് ഫോക്ക് ലോർ അക്കാഡമി 1000 രൂപയുടെ ധനസഹായം നൽകി. ഈ തുക മുഴുവൻ കലാകാരന്മാർക്കും ലഭിച്ചതുമില്ല .

 ഫോക് ലോർ അക്കാഡമിയുടെ ലിസ്റ്റിലുള്ളത് 32000 അനുഷ്ഠാന കലാകാരന്മാർ

 50 വയസിന് മുകളിലുള്ളവർക്ക് മാസം 1500 രൂപ കലാകാര പെൻഷൻ ലഭിക്കും

 ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 60 വയസുകഴിഞ്ഞാൽ 3500 രൂപ ലഭിക്കും

 ഫോക് ലോർ അക്കാഡമിയുടെ കലാകാര പെൻഷൻ ലഭിച്ചാൽ ക്ഷേമനിധി കിട്ടില്ല.

 പെൻഷനും 3500 രൂപ ആക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പായില്ല

1000 രൂപ വീതം നൽകി

സംസ്ഥാനത്ത് കൊവിഡ് വ്യാപനമായതോടെ പരിപാടികൾ ഇല്ലാതെ കലാകാരന്മാർ ബുദ്ധിമുട്ടിലാണെന്നത് ശരിയാണ്. പ്രായമേറിയവരാണ് ഭൂരിപക്ഷവും. സർക്കാരിന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും അക്കാഡമിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കലാകാരന്മാർക്കും പെൻഷനു പുറമേ രണ്ട് മാസം 1000 രൂപ വീതം നൽകാനായി.

കീച്ചേരി രാഘവൻ

ഫോക് ലോർ അക്കാഡമി സെക്രട്ടറി

മാർച്ച് മുതൽ ഒരു പരിപാടിയുമില്ല. അത്തച്ചമയത്തിന് രാവിലെ തൃപ്പൂണിത്തുറയിൽ കെട്ടുന്ന വേഷത്തോടെ ഉച്ചകഴിഞ്ഞ് കോട്ടയത്തും പരിപാടികൾ നടത്തിയിരുന്നു. ഓണം സംസ്ഥാന തല ഘോഷയാത്രയും ജില്ലാ തല പരിപാടികളും വരുമാനമാർഗമായിരുന്നു. അതും ഇല്ലാതായി. ആറുമാസമായി പരിപാടികളില്ലാതെ പട്ടിണിയിലാണ്. പ്രായം കൂടി ആരോഗ്യം നശിച്ചതിനാൽ മറ്റു ജോലികൾക്ക് പോകാൻ കഴിയില്ല .1500 രൂപയുടെ കലാകാര പെൻഷനാണ് ആകെയുള്ള വരുമാനമാർഗം. 3500 രൂപ ക്ഷേമ പെൻഷൻ കലാകാര പെൻഷൻ ലഭിക്കുന്നവർക്ക് ലഭിക്കില്ല . കലാകാര പെൻഷൻ തുകയും 3500 രൂപയായ് ഉയർത്തിയിരുന്നെങ്കിൽ ഉപകാരമായിരുന്നു .

കുറിച്ചി നടേശൻ

(അർജുനനൃത്ത കലാകാരൻ )