കോട്ടയം: കേരള കോൺഗ്രസ് വിപ്പു തർക്കത്തിൽ പി.ജെ.ജോസഫ് വിഭാഗത്തെ മലർത്തിയടിക്കാൻ പതിനെട്ടാമത്തെ അടവ് പുറത്തെടുത്ത് ജോസ് കെ.മാണി വിഭാഗം. നിയമസഭയിൽ 24ന് യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കണമെന്ന വിപ്പ് കേരളകോൺഗ്രസ് (എം) വ‌ർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് അടക്കം അഞ്ച് എം.എൽഎമാർക്കും ജോസ് വിഭാഗം ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ നൽകി. അവിശ്വാസ ചർച്ചയിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തരുത്. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളിൽ നിന്നും വിട്ടുനിൽക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാതെ വിട്ടു നിൽക്കുന്ന നിലപാട് സ്വീകരിക്കണമെന്നു മാണ് വിപ്പ് നിർദ്ദേശം.

രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇടതു സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും വിട്ടു നിൽക്കുന്നത് കൂറുമാറ്റനിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കുറ്റമാണെന്ന് കാട്ടി ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും വിപ്പ് നൽകിയതോടെ യഥാർത്ഥ വിപ്പ് അധികാരം ആർക്കെന്ന ആശയക്കുഴപ്പമേറി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു വിഭാഗത്തെ മാത്രമായി ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിൽ വിപ്പിന്മേൽ നിയമസഭാ സ്പീക്കർ എടുക്കുന്ന തീരുമാനമാകും അന്തിമമാവുക.

നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിൻ എം.എൽ.എ യാണ് കേരളാ കോൺഗ്രസ് വിപ്പ്. അതുകൊണ്ടുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ള തീരുമാനത്തിൽ എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസ് വിഭാഗം നേതാവ് ഡോ: എൻ.ജയരാജ് എം.എൽ.എ.അറിയിച്ചു . നിലവിലെ നിയമസഭാ രേഖകളിൽ ഇപ്പോഴും റോഷി അഗസ്റ്റിൻ എം.എൽ.എ യാണ് കേരളാകോൺഗ്രസ് വിപ്പ്. മറ്റ് വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജയരാജ് പറഞ്ഞു.

കെ.എം.മാണി ജീവിച്ചിരുന്നകാലത്ത് ആറ് എം.എൽഎമാർ ചേർന്ന് നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു. മാണിയുടെ മരണത്തോടെ മൂന്ന് എം.എൽ.എമാർ ജോസഫ് പക്ഷത്തായി. അവർ യോഗം ചേർന്ന് മോൻസ് ജോസഫിനെ വിപ്പായി തിരഞ്ഞെടുത്തു. ഇതിനെതിരെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ പരാതി നിലനിൽക്കുകയാണ്. നടപടി ആകാത്ത സാഹചര്യത്തിൽ നിയമസഭാ രേഖകളിൽ റോഷിയാണ് വിപ്പ്. ഈ അധികാരമാണ് ജോസ് വിഭാഗം പ്രയോഗിക്കുന്നത്. ഇരുവിഭാഗവും അധികാരതർക്കം പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും പാർട്ടി രണ്ടായതായി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. ചിഹ്നം, ചെയർമാൻ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമാകാത്തതിനാൽ ആശയക്കുഴപ്പം തുടരുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ഈ മാസം ഉണ്ടായേക്കും. അതാകും നിർണായകമാവുക. അതുവരെയും ഇരുവിഭാഗത്തിന്റെയും അവകാശവാദം തുടരും. ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ട് വിപ്പ് പുറപ്പെടുവിച്ചതോടെ രജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും വിപ്പ് അധികാരവും അതിൻമേലുള്ള നടപടികളും കോടതി കയറിയേക്കും.