hari

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശാസ്താം കാവ് സ്വദേശിയുടെ ഒരു പവന്റെ സ്വർണമാലയും അര പവന്റെ ബ്രേസ് ലെറ്റും കവർന്ന കേസിൽ വാകത്താനം കൂടത്തിങ്കൽ വീട്ടിൽ ഹരികൃഷ്ണനെ (22)യാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് വീടിനു പുറത്തു നിൽക്കുമ്പോൾ, ഇതുവഴിയെത്തിയ ഹരികൃഷ്ണൻ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എത്തിയത്. പ്രായപൂർത്തിയാകും മുൻപ് സൈക്കിൾ മോഷണക്കേസിൽ പ്രതിയായ ഹരികൃഷ്ണൻ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് പൊലീസിന് അറിവുകിട്ടി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഞാലിയാകുഴിയിലെ ബാങ്കിൽ തട്ടിയെടുത്ത സ്വർണം പണയം വച്ചതായും ആ പണം കൊടുത്ത് മൊബൈൽ ഫോൺ അടക്കം വാങ്ങിയതായും വ്യക്തമാവുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.