pettimudi

മൂന്നാർ: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ തെരച്ചിൽ 15 ദിവസം പിന്നിട്ടു. ശേഷിക്കുന്ന അഞ്ചുപേർക്കുള്ള തെരച്ചിലാണ് നടന്നു വരുന്നത്. ഉരുൾപൊട്ടലുണ്ടായിടത്തു നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള ഭൂതക്കുഴിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെരച്ചിൽ. ഭൂതക്കുഴിപ്രദേശത്തെ വനമേഖലയിലൂടെ മുകളിൽ ദുരന്തമുണ്ടായിരുന്ന പ്രദേശംവരെയായിരുന്നു തെരച്ചിൽ. മഞ്ഞുമൂടിയ അന്തരീക്ഷമായിരുന്നു ഇന്നലെ പെട്ടിമുടിയിൽ. പതിവിലും നേരത്തെ തെരച്ചിൽ അവസാനിപ്പിച്ചു. പ്രദേശവാസികളെ കൂടുതലായി പങ്കെടുപ്പിച്ചായിരുന്നു പതിനഞ്ചാംദിനത്തിൽ പരിശോധന നടത്തിയത്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്നലെയും തുടർന്നു. റഡാർ സംവിധാനം കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിലും ദുരന്തപ്രദേശത്തു നിന്നും ആരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും.