aganvadi
കുരട്ടിമലയിൽ പണി പൂർത്തിയാകാതെ കിടക്കുന്ന 160-ാം നമ്പർ അംഗൻവാടി കെട്ടിടം

ചങ്ങനാശേരി: പഞ്ചായത്ത് അധികൃതരുടെ നിർബന്ധപ്രകാരം അംഗൻവാടി കെട്ടിടത്തിന്റെ ജോലി ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർ വെട്ടിലായി. മുടക്കിയ പണം പോലും തിരിച്ചുകിട്ടാതെ അധികൃതരുടെ ഓഫീസുകൾ കയറിയിറങ്ങുകയാണ് കരാറുകാരൻ. ജോലി ഏറ്റെടുത്ത് നടത്താൻ കോൺട്രാക്ടർമാർ തയാറാവാതിരുന്നതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ വാർഡിലെ ഒരു കോൺട്രാക്ടറെ കണ്ടെത്തി നിർബന്ധിച്ച് ജോലി ഏല്പിച്ചത്. ജോലി സ്പിൽ ഓവറായതാണ് പ്രതിസന്ധിക്ക് കാരണം.

പണി നൽകിയ അങ്കണവാടി

കുറിച്ചി ഗ്രാമപഞ്ചായത്തിലെ 9ാം വാർഡിൽ കുരട്ടിമലയിൽ പണി പൂർത്തിയാകാതെ കിടക്കുന്ന 160ാം നമ്പർ അംഗൻവാടിയാണ് കരാറുകാരന് പണി വാങ്ങി നൽകിയത്. വാർഡ് മെമ്പർ ജിജി ജോർജ്ജിന്റെ ശ്രമഫലമായി സ്വകാര്യവ്യക്തി അംഗൻവാടിക്കായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ഇതേ വർഷം തന്നെ പള്ളം ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷവും കുറിച്ചി ഗ്രാമപഞ്ചായത്ത് അരലക്ഷം രൂപയും അനുവദിച്ചു. ആകെ 8 ലക്ഷം രൂപയുടെ പണികൾ നടത്തുന്നതിനായി ടെണ്ടർ വിളിച്ചെങ്കിലും വർക്ക് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. തുടർന്ന് ഫണ്ട് സ്പിൽ ഓവർ ആയി. 2018-19 സാമ്പത്തികവർഷം ഗ്രാമപഞ്ചായത്ത് അധികാരികളുടെ നിർബന്ധപ്രകാരം അതേ വാർഡിലുള്ള ഒരു കോൺട്രാക്ടർ ജോലി ഏറ്റെടുത്തു. ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കി. ഭിത്തി കെട്ടി കഴിഞ്ഞപ്പോഴേക്കും എൻ.ആർ.ഇ.ജി. വർക്കിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ ഫണ്ട് കിട്ടാതായി. ഇതോടെ ജോലി വീണ്ടും

സ്പിൽ ഓവർ ആയി. 2019-20 സാമ്പത്തിക വർഷത്തിൽ പലിശയ്ക്ക് പണം കടമെടുത്ത് കോൺട്രാക്ടർ വീണ്ടും പണികൾ ആരംഭിച്ചു. മേൽക്കൂര വാർക്കുകയും ഭിത്തികൾ തേയ്ക്കുകയും ചെയ്തു. എന്നാൽ,​ ഒന്നിൽക്കൂടുതൽ തവണ വർക്ക് സ്പിൽ ഓവർ ആയതിനെ തുടർന്ന് എൻ.ആർ.ഇ.ജി. വർക്കുകൾ എൻട്രി ചെയ്യുന്ന 'സെക്യൂർ' സോഫ്റ്റ് വെയറിൽ നിന്നും അങ്കണവാടിയുടെ ഡാറ്റ അപ്രത്യക്ഷമായി. എൻ.ആർ.ഇ.ജി. വർക്കുകൾ പൂർത്തിയാക്കിയാലേ ബ്ലോക്ക്ഗ്രാമപഞ്ചായത്ത് വിഹിതവും ലഭ്യമാകൂ. സെക്യൂർ സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മുടക്കിയ പണം ലഭിക്കാതെ പ്രതിസന്ധിയിലാകുമെന്ന് കരാറുകാരൻ പറയുന്നു. വർഷങ്ങളായി വാടകകെട്ടിടത്തിലും തുടർന്ന് ചാലച്ചിറ പ്രോഗ്രസീവ് ലൈബ്രറിയിലും താല്കാലികമായി പ്രവർത്തിച്ചു വന്ന അങ്കണവാടി ഇപ്പോൾ ചാലച്ചിറ ഹെൽത്ത് സെന്റർ കോമ്പൗണ്ടിലുള്ള സ്ത്രീപഠനകേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്.