gas

കോട്ടയം: ഒരു കോടിയിലധികം രൂപ മുതൽ മുടക്കിൽ അത്യാധുനിക സംവിധാനങ്ങളോടെ ഗ്യാസ് ശ്മശാനം ഏറ്റുമാനൂരിനു സമീപം ചെറുവാണ്ടൂരിൽ സജ്ജമാവുന്നു. അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. അടുത്തമാസം ആദ്യവാരം ശ്മശാനം പ്രവർത്തന സജ്ജമാവും. രണ്ട് നിലകളിലായാണ് ശ്മശാനം പ്രവർത്തിക്കുക.

വിവിധ മതസ്ഥരുടെ ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിന് ഇവിടെ സൗകര്യങ്ങളുണ്ടാവും. അനുശോചന യോഗങ്ങൾ നടത്താനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരുൾപ്പെടെയുള്ള ശാരീരിക വൈകല്യമുള്ളവർക്ക് ഒന്നാം നിലയിൽ പ്രവേശിക്കാൻ റാമ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. 2017ൽ മന്ത്രി കെ.ടി ജലീലാണ് ശ്മശാനത്തിന്റെ കെട്ടിട നിർമ്മാണം ഉദ്ഘാടനം ചെയ്തത്.

ചെലവ്

കെട്ടിടം നിർമ്മാണത്തിന് - 80 ലക്ഷം

ഫർണസ്, ജനറേറ്റർ എന്നിവയ്ക്ക് - 21.80 ലക്ഷം

ഇലക്ട്രിക്കൽ ജോലികൾക്ക് - 7.73 ലക്ഷം

ആകെ - 1 കോടി 9 ലക്ഷം

സെപ്തംബർ ആദ്യവാരം ക്രിമറ്റോറിയം പ്രവർത്തനം തുടങ്ങും. വൈദ്യുതി ലഭിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പണി ഈ ആഴ്ചതന്നെ തുടങ്ങും. ഫർണസ് പ്രവർത്തിപ്പിക്കുന്നതിന് എട്ട് കൊമേഴ്സ് ഗ്യാസ് സിലിൻഡറുകൾ ലഭ്യമാക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ബിജു കുമ്പിക്കൽ

ഏറ്റുമാനൂർ നഗരസഭ ചെയർമാൻ