john-paul

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി

കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റിയിൽ കേസ്

കോട്ടയം: സ്വകാര്യ ലാബിന്റെ തെറ്റായ പോസിറ്റീവ് ഫലം കാരണം പ്രശസ്ത യുവസംവിധായകൻ ചങ്ങനാശേരിയിലെ കൊവിഡ് സെന്ററിൽ 50 രോഗികൾക്കൊപ്പം നാലു ദിവസം കിടക്കേണ്ടിവന്നു. 'ഗപ്പി, അമ്പിളി' എന്നീ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ജോൺപോൾ ജോർജിനാണ് ഈ ദുർഗതി നേരിട്ടത്.

ഇതേ ലാബിലെ തെറ്റായ ഫലം കാരണം ഗർഭിണിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചതും കൊവിഡ് സെന്ററിലാക്കിയതിനാൽ മുലപ്പാൽ കിട്ടാതെ മഞ്ഞരോഗം ബാധിച്ച് കുഞ്ഞ് ഗുരുതരാവസ്ഥയിലായതും വിവാദമായിരുന്നു.

നേരത്തെ, സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജോൺപോൾ ജോർജ് പതിനാറു ദിവസം വീട്ടിൽ ക്വാറന്റൈനിലായിരുന്നു. അതിനുശേഷം കോട്ടയം മെഡിവിഷൻ ലാബിൽ ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയപ്പോഴാണ് തെറ്റായ പോസിറ്റീവ് ഫലം ലഭിച്ചത്.

ആരോഗ്യ വകുപ്പിന്റെ റീടെസ്റ്റിലാണ് കൊവിഡ് ഇല്ലെന്ന് ബോധ്യമായത്. ഇക്കാര്യം അറിയിച്ചപ്പോൾ സ്വകാര്യ ലാബിന്റെ മറുപടി ഇങ്ങനെ: ഞങ്ങൾ കണ്ടെത്തിയ കൊവിഡ് സുഖപ്പെട്ടതാകാം!

സംശയം തീർക്കാൻ നടത്തിയ ആന്റിബോഡി ടെസ്റ്റിൽ കണ്ടെത്തിയത് കൊവിഡ് ബാധിച്ചിട്ടേയില്ലെന്നാണ്. നാലു ദിവസം രോഗികൾക്കൊപ്പം കഴിഞ്ഞതിനാൽ വീണ്ടും 15 ദിവസം ക്വാറന്റൈനിലേക്ക്. തുടർന്നുള്ള ടെസ്റ്റിന് ശേഷം ഏഴ് ദിവസം കൂടി കഴിഞ്ഞേ ഇനി പുറം ലോകം കാണാനാവൂ.മൊത്തം 42 ദിവസം 'അകത്ത്' !

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റിയിൽ കേസ് ഫയൽ ചെയ്തതായും ജോൺപോൾ ജോർജ് കേരളകൗമുദിയോട് പറഞ്ഞു.

ജോൺപോൾ ജോർജ്

കോട്ടയം മൂലവട്ടം സ്വദേശി യാണ്. ഗപ്പി, അമ്പിളി, മറിയം ടെയ്ലേഴ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് . ട്രാഫിക് ഫെയിം രാജേഷ് പിള്ളയുടെ ചീഫ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.