കോട്ടയം: രണ്ടാഴ്ച മുന്നേ കരകവിഞ്ഞൊഴുകിയതാണ് ജില്ലയിലെ നദികൾ. നദിയോരങ്ങളിലെ താമസക്കാർ അന്ന് ക്യാമ്പുകളിലേയ്ക്ക് പാഞ്ഞു. പക്ഷേ, മഴമാറി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പുഴകളെല്ലാം മെലിഞ്ഞു. ജില്ലയിലൂടെ ഒഴുകുന്ന മൂന്നു നദികളിലും ജലനിരപ്പ് വേനലിന് സമാനമാംവിധം താഴുകയാണ്.
മീനച്ചിൽ, മണിമലയാറുകളിൽ പാദത്തിനൊപ്പം പോലും വെള്ളമില്ല. നദികളുടെ അരികിലെ വലിയ മരങ്ങളുടെ മുകളിൽ വരെ വെള്ളപ്പൊക്കം അവശേഷിപ്പിച്ച പ്ളാസ്റ്റിക് കൂടുകളും മറ്റും തൂങ്ങിക്കിടപ്പുണ്ട്. കഴിഞ്ഞ രണ്ട് പ്രളയ സമയത്തും നദികളിൽ സമാന അവസ്ഥയായിരുന്നു. കാലവർഷവും തുലാവർഷവും ശക്തമായി പെയ്തിട്ടും പുഴകൾ എന്തേ മെലിഞ്ഞുണങ്ങുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
പെയ്ത്ത് വെള്ളം മുഴുവൻ ഒഴുകിപ്പോയി. മണിമല പാലത്തിന് സമീപം പാറക്കൂട്ടങ്ങൾ എഴുന്നു നിൽക്കുന്നതു കാണാം. മുൻ വർഷങ്ങളിൽ കൂടുതൽ മഴ ലഭിച്ചിട്ടും നാലു മാസത്തോളം ജില്ലയിൽ കടുത്ത വരൾച്ചയായിരുന്നു. ശരാശരിയേക്കാൾ 60 മില്ലീമീറ്റർ അധിക മഴയാണ് അന്ന് പെയ്തത്. 2019 കാലവർഷത്തിൽ 13 ശതമാനത്തിന്റെയും തുലാവർഷത്തിൽ 45 ശതമാനത്തിന്റെയും വർദ്ധനയുണ്ടായിട്ടും പുഴകളിലേക്കുള്ള കൈവഴികളിൽ പലതിന്റെയും ഒഴുക്കു നിലച്ചിരുന്നു.
സംഭവിക്കുന്നത്
മഴയുള്ളപ്പോൾ നിറയുന്ന ജലാശയങ്ങൾ മഴമാറുമ്പോൾ വറ്റുന്നു
പ്രളയത്തിനു ശേഷം അടിഞ്ഞ പൊടിമണലിൽ വെള്ളം താഴുന്നില്ല
വീടുകളുടെയും മറ്റും മുറ്റത്ത് ടൈൽ പാകിയതും പ്രശ്‌നമായി
'' മരംവെട്ടിയതും പാറഖനനവും എല്ലാം പ്രതികൂലമായി. ആറുകൾ ഓടപോലെയായി. വെള്ളംഒഴുകിപ്പോകാനുള്ള മാർഗം മാത്രമായി നദികൾ. തറ അത്രയ്ക്ക് ഉറച്ചുപോയി. ചെളിനിറഞ്ഞിടത്ത് മാത്രമേ വെള്ളം താഴൂ.''
ഡോ. രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ