കോട്ടയം: അത്തം മുതൽ പത്തുദിവസം പൂക്കളം കണികണ്ടുണരുന്നത് ഈ വർഷം കൊവിഡ് പഴങ്കഥയാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ കൊണ്ടുവരുന്നതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ ഇന്നലെ വഴിപാടെന്നോണമുള്ള പൂക്കളമാണ് ഒരുക്കിയത്. പൂവല്ലവുമായി നാടൻ പൂതേടി നടക്കുന്ന കുട്ടികളുടെ ഫോട്ടോ തേടി നടന്ന് കാമറാമാൻമാരും ബുദ്ധിമുട്ടി. തമിഴ്നാട്ടിൽ നിന്നുള്ള പൂക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പൂക്കടക്കാരും വലഞ്ഞു. തോവാള, അഗസ്തീശ്വരം,കമ്പം, തേനി തുടങ്ങിയ പൂ ഗ്രാമങ്ങളിൽ നിന്ന് പൂക്കളുമായി കോട്ടയത്ത് വിൽപ്പനക്കെത്തിയിരുന്ന സംഘത്തിനും കൊവിഡ് നിയന്ത്രണത്താൽ ഇക്കുറി കേരളാതിർത്തി കടക്കാനായില്ല. പത്തു ദിവസത്തെ വൻ കച്ചവടമാണ് ഇവർക്ക് നഷ്ടമായത്.
പൂക്കളമത്സരം ഓൺലൈനിലായി
ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം വന്നതോടെ ക്ലബ്ബുകളും മറ്റും പൂക്കള മത്സരം ഒഴിവാക്കി. പകരം ഓൺലൈനിൽ പൂക്കൾ വേണ്ടാത്ത പൂക്കള മത്സരമാണ് നടത്തുന്നത്. സാങ്കേതിക വിദ്യയുടെ മികവ് പ്രകടിപ്പിക്കാനും വർണവിന്യാസമൊരുക്കാനും പ്രാഗത്ഭ്യമുള്ളവർക്കേ ഓൺലൈനിൽ ജേതാക്കളാകാനാവൂ. അച്ചടി ദൃശ്യ മാദ്ധ്യമങ്ങളും കൊവിഡ് കണക്കിലെടുത്ത് ഓൺലൈൻ പൂക്കളമത്സരമാണ് ഈ വർഷം നടത്തുന്നത് .
ഗജപൂജയില്ലാത്ത ചതുർത്ഥി
വിനായക ചതുർത്ഥിക്ക് സാധാരണ നടത്താറുള്ള ഗജപൂജയം കൊവിഡിൽ ഒഴിവാക്കി. കരിമ്പടം പുതച്ച് ആനയെ അതിൽ ഇരുത്തി പൂജിക്കുന്നതും ഊട്ടുന്നതും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലൊന്നും നടന്നില്ല . സൂര്യകാലടി മനയിൽ ഗജപൂജയും ആനയൂട്ടും നടന്നു . ചിങ്ങം ഒന്നിന് തുറന്ന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മഹാഗണപതി ഹോമം നടന്നു. ചന്ദനമോ , ഭസ്മമോ പ്രസാദമായി ക്ഷേത്രങ്ങളിൽ ഇപ്പോൾ നൽകാറില്ലെങ്കിലും ഇന്നലെ ഗണപതി ഹോമത്തിന്റെ പ്രസാദം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
ഓണവിപണിയിലും നിയന്ത്രണം
കൊവിഡ് നിയന്തണം പാലിക്കേണ്ടതിനാൽ സർക്കാർ ഓണച്ചന്ത തിരുനക്കരയിൽ നിന്ന് കെ.പി.എസ് മേനോൻ ഹാളിലേക്ക് മാറ്റി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉപഭോക്താക്കളെ കടത്തി വിട്ടത്. കൂട്ടമായി സാധനം വാങ്ങിക്കാനും അനുവദിച്ചില്ല . ഹാൾ ഇടയ്ക്ക് അണുവിമുക്തവുമാക്കി .കോടിമത പച്ചക്കറി മാർക്കറ്റിലും കർശന നിയന്ത്രമാണ് . തമിഴ്നാട്ടിൽ നിന്നു വരുന്ന ലോറികൾ അണുവിമുക്തമാക്കിയും ഡ്രൈവർമാരുടെ ചൂട് പരിശോധിച്ചുമാണ് എം.ജി റോഡിലേക്ക് കടത്തി വിടുന്നത്. കടക്കുള്ളിൽ കയറി ഇഷ്ടമുള്ള സാധനം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നില്ല .