കോട്ടയം മണ്ഡലത്തിൽ എന്തു വികസന പദ്ധതികൾ കൊണ്ടു വന്നാലും രാഷ്ട്രീയം കലർത്തി സി.പി.എം അതിന് തുരങ്കം വയ്ക്കുമെന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ സ്ഥിരം പരാതിയാണ്. ഇതിൽ അവസാനത്തേതാണ് ഈരേക്കടവ് റോഡിലെ വൈദ്യുതി പോസ്റ്റ് വിവാദം.
സാധാരണ റോഡ് പണി പൂർത്തിയാക്കി കഴിയുമ്പോഴാണ് സ്ഥിരം കലാപരിപാടിപോലെ റോഡ് കുത്തിപ്പൊളിക്കാൻ കെ.എസ്.ഇ.ബിയും , ബി.എസ്.എൻ.എല്ലും ജല അതോറിറ്റിയും പിറകേ എത്തുന്നത്. മണിപ്പുഴ ഈരേക്കടവ് ബൈപാസ് റോഡിലാകട്ടെ ഇരുവശത്തും ഫുട്പാത്ത് പണിയും മുമ്പേ ഫുട്പാത്തിന് നടുവിൽ തന്നെ കെ.എസ്.ഇ.ബി പോസ്റ്റിട്ടു. വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചിട്ടില്ല . പൊളിക്കുമെന്ന സൂചന നൽകി കുഴലുകൾ ഇറക്കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ ഫുട് പാത്ത് പണിയാനാവില്ല. എം.എൽ.എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നേരത്തേ ഇട്ട പോസ്റ്റുകൾ മുഴുവൻ
റോഡരികിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ ജെസി.ബിയുമായി കെ.എസ്.ഇ.ബി തൊഴിലാളികൾ പോസ്റ്റ് മാറ്റാൻ എത്തിയപ്പോൾ സി.പി.എം കാർ എതിർപ്പുമായെത്തി .പണി തടഞ്ഞു. തൊഴിലാളികൾ സ്ഥലവും വിട്ടു. കോട്ടയത്തെ സ്ഥിരം കലാപരിപാടി അനുസരിച്ച് എന്തെങ്കിലും തടസം വന്നാൽ പണി ഇട്ടു തല്ലുന്ന പതിവുള്ളതിനാൽ ഇനി അടുത്തകാലത്തൊന്നും പോസ്റ്റ് മാറ്റലോ ഫുട്പാത്ത് പണിയോ ഉണ്ടാകുമെന്നു തോന്നുന്നില്ല .
പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ഭരിക്കുന്നത് സി.പി.എം ആണ് . ഈ വകുപ്പുകളുടെ കീഴിലുള്ള പണി തടസപ്പെടുത്തുന്നതും സി.പി.എം ആണെന്നാണ് തിരുവഞ്ചൂരിന്റെ പരിഹാസം. അതേസമയം റോഡ് നിർമാണത്തിനായി ഒമ്പതു വർഷം മുമ്പ് തകർത്ത ശുദ്ധജല പൈപ്പുകൾ ഇതുവരെ ശരിയാക്കിയിട്ടില്ല. ആദ്യം പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നാണ് സി.പി.എം കൗൺസിലർ പറയുന്നത്. കൗൺസിലർമാരുടെ പണം ഉപയോഗിച്ചു വാങ്ങുന്ന വഴിവിളക്കുകൾ തങ്ങളോട് ആലോചിക്കാതെ എം.എൽ.എ മാറ്റിയത് ശരിയായില്ല. വെളിച്ചം കെടുത്താനുള്ള ഗൂഢ പദ്ധതിയാണ് എം.എൽ.എക്കുള്ളത് ഇത് അനുവദിക്കില്ലെന്നും കൗൺസിലർ ഷീജ അനിൽ കുറ്റപ്പെടുത്തുന്നു. റോഡിന് നടുവിലിട്ട പോസ്റ്റ് നീക്കം ചെയ്യാനെത്തിയവരെ തുരത്തിയോടിച്ചത് പൊതുമരാമത്തു മന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നായിരുന്ന ഇതിന് എം.എൽ.എയുടെ മറുപടി.
52 പോസ്റ്റുകളാണ് എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് മൂന്നു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചത്. നടപ്പാത നിർമിക്കുന്നതിന് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയ സ്ഥലത്ത് അശാസ്ത്രീയമായി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചത് എം.എൽ.എ അറിഞ്ഞില്ലെന്നു പറയുന്നു. കൗൺസിലർ പറയുന്നതാണോ കെ.എസ്.ഇ.ബി നടപ്പാക്കുന്നതെന്ന സംശയമാണ് ഇതോടെ ഉണ്ടായത് . ശീമാട്ടി റൗണ്ടാനയിലെ ആകാശ പാത, കെ.എസ്.ആർ.ടി.സി കോംപ്ലക്സ് , കോടിമത രണ്ടാം പാലം , കച്ചേരിക്കടവ് ജെട്ടി, തുടങ്ങി ഇട്ടുതല്ലിക്കിടക്കുന്ന നിരവധി പദ്ധതികളുടെ അവസ്ഥ വൈദ്യുതി പോസ്റ്റിന്റെ കാര്യത്തിലും ഉണ്ടാവുമോ എന്നാണ് നാട്ടുകാരുടെ സംശയം. ഇടനാഴിയെന്നു വിളിക്കാവുന്ന റോഡ് രാത്രി കക്കൂസ് മാലിന്യവും മറ്റും തള്ളുന്നതിനാണ് സാമൂഹ്യ ദ്രോഹികൾ ഉപയോഗിക്കുന്നത് . വൈദ്യുതി വെളിച്ചം വന്നാൽ ഇതിന് കുറവ് വരുമെന്നായിരുന്നു പ്രതീക്ഷ. ആരാണെങ്കിലും 'വെളിച്ചം തല്ലിക്കെടുത്തരുതെന്നാണ് ' ഓർമിപ്പിക്കാനുള്ളത്...