covid

കോട്ടയം: ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം കുറയുന്നില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 104 പേരിൽ 97 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ഓണ വിപണിയടക്കം ആശങ്കയിലാണ്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന നാലു പേരും അടക്കമുള്ളവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ നഗരസഭയിൽ ഉൾപ്പെടെ സമ്പർക്ക രോഗികളുടെ എണ്ണം പെരുകുന്നു.

സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ കോട്ടയം നഗരസഭാ പരിധിയിലാണ്. 21 പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം11 വീതവും, വിജയപുരം-10, മീനടം-7, പാറത്തോട്- 6, ചെമ്പ്- 5, ആർപ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്- 3 വീതവും രോഗം സ്ഥിരീകരിച്ചു.

ഓണം അടുത്തതിനാൽ ഏറ്റവും കൂടുതൽപ്പേർ നഗരത്തിൽ ഇറങ്ങുന്ന സമയം കൂടിയാണിത്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു. ഈ സാഹചര്യത്തിൽ രോഗം പടരുന്നതിനെ ഗൗരവമായാണ് ജില്ലാ ഭരണ കൂടം കാണുന്നത്. രോഗം ബാധിച്ചവരിൽ പകുതിയിലേറെപ്പേർക്കും ലക്ഷണങ്ങളില്ലായിരുന്നു. തുണിക്കടകളിൽ സ്റ്റോക്ക് എത്തുകയാണ്. വഴിയോര പച്ചക്കറി, ഉപ്പേരി വിപണിയും സജീവമായിട്ടുണ്ട്.

 ഇന്നലെ ആശുപത്രി വിട്ടവർ: 87

 നിലവിൽ ചികിത്സയിലുള്ളവർ: 992