രാജകുമാരി: ചിന്നക്കനാൽ വില്ലേജിൽ 41.54 ഏക്കർ റവന്യൂ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിൽ റവന്യൂ സംഘം നേരിട്ട് എത്തിയാണ് വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന റവന്യൂ ഭൂമി തിരിച്ചു പിടിച്ചത്. പ്ലാക്കാട്ട് തോമസ് കുരുവിള കൈവശം വച്ചിരുന്ന സർവെ നമ്പർ 20/1 ൽ പെട്ട 21.50 ഏക്കർ , വെള്ളൂക്കുന്നേൽ ബോബി സക്കറിയ കൈവശം വച്ചിരുന്ന ഇതേ സർവെ നമ്പറിൽ ഉൾപ്പെട്ട 1.74 ഏക്കർ, മോൺട് ഫോർട്ട് സ്‌കൂൾ കൈവശം വച്ചിരുന്ന സർവെ നമ്പർ 517, 518, 520, 526, 577 എന്നിവയിൽ ഉൾപ്പെട്ട 18.30 ഏക്കർ ഭൂമിയുമാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ഇത് സർക്കാർ ഭൂമി ആണെന്ന് നേരത്തെ റവന്യൂ വിഭാഗം കണ്ടെത്തിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് ഭൂമി കൈവശം വച്ചിരുന്നവരോട് പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ ബോർഡ് സ്ഥാപിച്ചത്. ജില്ലാ കളക്ടറെ കൂടാതെ തഹസിൽദാർമാരായ നിജ്യ കുര്യൻ, മനോജ് രാജൻ, ഭൂരേഖ തഹസിൽദാർ കെ.എസ്. ജോസഫ്, ചിന്നക്കനാൽ വില്ലേജ് ഓഫിസർ സുനിൽ കെ. പോൾ, സർവേയർമാരായ സതീഷ് കണ്ണൻ, മൂസ എന്നിവരാണ് കൈയേറ്റമൊഴിപ്പിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.