sheeleyampetti
ശീലയംപെട്ടിയിലെ പൂപ്പാടം(ഫയല്‍ ചിത്രം)

കൊവിഡിനൊപ്പം ഓണാഘോഷം
ഓണഉണർവിൽ വിപണികൾ

കട്ടപ്പന: പ്രളയങ്ങളിൽ കഴിഞ്ഞ രണ്ടുവർഷവും ആഘോഷപ്പൊലിമ നഷ്ടമായപ്പോൾ ഇത്തവണ കൊവിഡിനെ പ്രതിരോധിച്ച് ഓണം ആഘോഷിക്കാൻ ഇടുക്കിക്കാരും ഒരുങ്ങി. മുറ്റത്തും തൊടിയിലും വിരിഞ്ഞ പൂക്കൾ കൊണ്ട് വീട്ടിൽ തന്നെ ആഘോഷം ഒത്തുക്കണം. ക്ലബുകളുടെയും മറ്റ് സംഘടനകളുടെയുമൊന്നും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ല. അതേസമയം കൊവിഡ് ഭീഷണിക്കിടയിലും ജില്ലയിൽ ഓണവിപണികൾ സജീവമാകുകയാണ്. കട്ടപ്പന ഒഴികെയുള്ള പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം സജീവമാണ്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കട്ടപ്പന നഗരം അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപന തോത് കുറഞ്ഞാൽ ഓണത്തിനു മന്നോടിയായി നഗരം തുറക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വ്യാപാരത്തോട് ആളുകൾ സഹകരിച്ചുതുടങ്ങി. ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകി ഗൃഹോപകരണ, വസ്ത്ര വ്യാപാര കേന്ദ്രങ്ങളും സജീവമായിക്കഴിഞ്ഞു. കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും മൂലം മാസങ്ങളായുള്ള പ്രതിസന്ധി ഓണത്തിന് മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. ഓണാഘോഷത്തിനു രുചി പകരാൻ ഉപ്പേരി വിപണി ഒരുങ്ങിത്തുടങ്ങി. ഇപ്പോൾ കച്ചവടം കുറവാണെങ്കിലും പലചരക്ക് പച്ചക്കറി വ്യാപാരികളും ഓണം അടുത്തെത്തിയതോടെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഓണച്ചന്തകൾ, സപ്ലൈകോ ഓണം മേളകൾ, പായസം മേളകൾ, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി വരും ദിവസങ്ങളിൽ ഓണവിപണി കൂടുതൽ ഉഷാറാകും. മഴ മാറി നിൽക്കുന്നതും വിപണിക്കു പ്രതീക്ഷയേകുന്നുണ്ട്. അതേസമയം, കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്നുമുണ്ട്.


'വരത്തൻ' പൂവില്ല

മലയാളിക്ക് പൂക്കളമൊരുക്കാൻ ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ള 'വരത്തൻ' പൂക്കളില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് തേനി ജില്ലയിലെ ശീലയംപെട്ടി, രായപ്പൻപെട്ടി, ലോവർപെരിയാർ എന്നിവിടങ്ങളിലെ പൂപ്പാടങ്ങൾ വിസ്മൃതിയിലാണ്. ഓണക്കാലത്ത് ദൃശ്യവിസ്മയമൊരുക്കി പൂത്തുനിന്നിരുന്ന പാടങ്ങളിൽ സൂര്യകാന്തി, ജമന്തി, അരളി, മുല്ല, റോസ്, ജെണ്ടുമല്ലി, വാടാമുല്ല, ബന്തി പൂക്കളൊക്കെ പേരിനുമാത്രമായി. കഴിഞ്ഞവർഷം സെപ്തംബർ ആദ്യവാരം മുതൽ കേരളത്തിലേക്കു നിരവധി ലോഡ് പൂക്കൾ ഓരോദിവസവും എത്തിയിരുന്നു. സൂര്യകാന്തിയും വെള്ള, മഞ്ഞ നിറങ്ങളിലുള്ള ജമന്തിയും മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തിയുമാണ് കൂടുതലായി കൃഷി ചെയ്തിരുന്നത്. ഇത്തവണ കർഷകർ പൂപ്പാടങ്ങൾ പച്ചക്കറിക്കൃഷിക്കായി വകമാറ്റി. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ സജീവമായിരുന്ന കമ്പത്തെയും തേനിയിലെയും പുഷ്പ വിപണികളിൽ പൂക്കൾ പേരിനുമാത്രമാണ്.

ഓഫറോണം
പ്രതിസന്ധിക്കിടയിലും വിപണി പിടിച്ചടക്കാൻ ആകർഷകമായ ഓഫറുകളാണ് മിക്ക സ്ഥാപനങ്ങളും നൽകിയിട്ടുള്ളത്. വിലക്കുറവിനൊപ്പം സൗജന്യ ഓഫറുകളും സമ്മാനപ്പെരുമഴയുമാണ് ഇലക്ട്രോണിക് വ്യാപാരകേന്ദ്രങ്ങളിലെ പ്രധാന ആകർഷണം. സ്വർണം, വാഹന വിപണിയിലും ഉണർവ് പ്രകടമാണ്.

കോടിയോണം

ഓണക്കോടിയില്ലാതെ ഓണമില്ലാത്തതിനാൽ ചെറുതും വലുതുമായ വസ്ത്ര വ്യാപാരശാലകളിലെല്ലാം തിരക്ക് ആരംഭിച്ചുകഴിഞ്ഞു. മികച്ച സീസൺ പ്രതീക്ഷിച്ച് പുതിയ സ്റ്റോക്കിറക്കി വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഇവിടെയും ഓഫറുകൾക്ക് കുറവൊന്നുമില്ല.

സമയം കൂട്ടണമെന്ന് വ്യാപാരികൾ
ഓണക്കാലത്ത് തിരക്കേറുന്നതു കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടണമെന്ന് ആവശ്യവുമായി വ്യാപാരികൾ രംഗത്ത്. നിലവിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം. ഹോട്ടലുകൾക്ക് രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. വൈകന്നേരങ്ങളിലാണ് തിരക്കേറെയും. കടയടയ്ക്കും മുൻപേ സാധനങ്ങൾ വാങ്ങാൻ ഈ സമയം ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്കു തള്ളിക്കയറുകയാണ്. ഈ തിരക്ക് വെല്ലുവിളിയാകുമെന്നതിനാൽ വൈകിട്ടത്തെ സമയം കുറച്ചു കൂടി നീട്ടിനൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തിരക്ക് കുറയ്ക്കാനും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് മൂലം സാധിക്കുമെന്ന് ഇവർ പറയുന്നു