covid

കോട്ടയം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ ബ്ലോക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കും. നിലവിൽ ജില്ലാതലത്തിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങൾ 16 ആരോഗ്യ ബ്ളോക്കുകളിലേയ്ക്കാണ് വ്യാപിപ്പിക്കുന്നത്. ഏകോപനം കളക്ടറേറ്റിലെ ജില്ലാ കൺട്രോൾ റൂമിൽ നടക്കും.

ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് നടപടികൾ ഊർജിതമാക്കുക. ജില്ലയിലെ പതിനാറ് ഹെൽത്ത് ബ്ലോക്കുകളിലും പ്രത്യേക കൊവിഡ് കൺട്രോൾ റൂമുകൾ സജ്ജമാക്കും. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇവ പ്രവർത്തിക്കുക. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുക, ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി രോഗപരിശോധന നടത്തുക, പരിശോധനാ വിവരങ്ങൾ സംസ്ഥാനതല പോർട്ടലിൽ അപ് ലോഡ് ചെയ്യുക, സമ്പർക്ക പട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ ഉറപ്പാക്കുക തുടങ്ങിയ ചുമതലകൾ ഇനി ബ്ലോക്ക് തലത്തിൽ നിർവഹിക്കും. രോഗികളെ പ്രവേശിപ്പിക്കാൻ എല്ലാ കൺട്രോൾ റൂമുകളെയും സമീപ മേഖലയിലെ ഒരു കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.