കുട്ടനാട് : മഹാമാരിയേയും പ്രളയത്തേയും അതിജീവിച്ച് സംഘടനാ പ്രവർത്തനം നടത്തുന്നതിനൊപ്പം യോഗാംഗങ്ങളെ സഹായിക്കാൻ വിവിധ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ വീഡിയോകോൺഫറൻസിലൂടെ ചെറുകര രണ്ടാം നമ്പർ ശാഖാങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ആപത് സന്ധിയിലും യോഗം എന്നും കുട്ടനാട്ടുകാർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂണിയൻ ചെയർമാൻ പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ ഓണക്കോടിയും അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എം.പി പ്രമോദ് വിധവാ പെൻഷനും അഡ്വ.എസ്. അജേഷ്‌കുമാർ ടിവിയും പി.ബി ദിലീപ് ഏകാത്മകം യോഗം സർട്ടിഫിക്കറ്റും വിതരണം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി ആർ രതീഷ് ക്ഷേത്രങ്ങളിലേക്കും ഗുരുക്ഷേത്രങ്ങളിലേക്കും എണ്ണയും തിരിയും നൽകി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലേഖാ ജയപ്രകാശ്, സൈബർസേന യൂണിയൻ കൺവീനർ എസ് ശരത്കുമാർ, വനിതാ സംഘം യൂണിയൻ കൗൺസിൽ അംഗം ബീനാ സാബു, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ കെ എസ് ശരത് തുടങ്ങിയവർ സംസാരിച്ചു. ചെറുകര ശാഖ പ്രസിഡന്റ് ശിവദാസ് നന്ദി പറഞ്ഞു. നീലംപേരൂർ, കാവാലം പഞ്ചായത്തുകളിലെ ശാഖാഭാരവാഹികളും ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികളും പങ്കെടുത്തു.