ചങ്ങനാശേരി: കുറുമ്പനാടത്ത് വീട്ടിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തെ തൃക്കൊടിത്താനം പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട് വളയുകയായിരുന്നു. ചീട്ടുകളിച്ച എട്ടു പേരെ കസ്റ്റഡിയിലെടുക്കുകയും മൂന്ന് ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ വിദേശത്തായതിനാൽ നോക്കാൻ ഏൽപ്പിച്ചിരുന്നയാൾ പണം വാങ്ങി ചീട്ടുകളിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുകായിരുന്നു. നാളുകളായി ഇവിടെ ചീട്ടുകളി നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ദൂരസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ ആളുകൾ എത്താൻ തുടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ ജില്ലാ പൊലീസ് മേധാവിക്ക് വിവരം നല്‍കുകയുമായിരുന്നു. തുടർന്നാണ് ചങ്ങനാശേരി ഡിവൈ. എസ്. പി. ജോഫിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.