jos-k-mani

കോട്ടയം : പിണറായി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കണമെന്ന കൺവീനർ ബെന്നി ബഹനാന്റെയയും, ജോസഫ് വിഭാഗത്തിന്റെയും വിപ്പുകൾ തള്ളിയ കേരള കോൺഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ കൈവിട്ട നീക്കം ഇടതുമുന്നണിയുമായുള്ള ബാന്ധവത്തിന്റെ തുടക്കമെന്ന് വിലയിരുത്തൽ.

നിയമസഭയിൽ ഇന്നത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ തങ്ങളുടെ എം.എൽ.എമാർ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. മുന്നണിക്ക് വിപ്പ് നൽകാൻ അധികാരമില്ല.യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിന് ശേഷം വീണ്ടും അച്ചടക്ക നടപടിയെടുക്കുമെന്ന ഭീഷണി എന്തിനെന്ന് മനസിലാവുന്നില്ല. റോഷിയുടെ വിപ്പ് പി.ജെ.ജോസഫ് അടക്കം മൂന്ന് എം.എൽഎമാരും സ്വീകരിക്കണം. വിപ്പ് ലംഘിച്ചാൽ നടപടിയെടുക്കേണ്ടി വരുമെന്നും ജോസ് വ്യക്തമാക്കി.

ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ ബഹിഷ്ക്കരിക്കണമോ എന്നത് ഇന്ന് രാവിലെ ഡോ.എൻ.ജയരാജ് എം.എൽഎയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലള്ള കേസിൽ തീർപ്പാകും വരെ വിപ്പിൽ സ്റ്റാറ്റസ്കോ തുടരട്ടെയെന്ന് സ്പീക്കർ അറിയിച്ചതനുസരിച്ചാണ് വിപ്പ് പുറപ്പെടുവിച്ച് എം.എൽ.എമാരുടെ മുറിക്കു മുന്നിൽ നോട്ടീസ് പതിച്ചതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .

അതേ സമയം,ജോസ് വിഭാഗത്തിലെ രണ്ട് എം.എൽ.എ മാർ മോൻസ് ജോസഫ് നൽകുന്ന പാർട്ടി വിപ്പ് ലംഘിച്ച്ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു.