കോട്ടയം: നൽകുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നാരോപിച്ച് നാട്ടകം പോളിടെക്‌നിക്ക് കോളേജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെന്ററിൽ കഴിയുന്ന കൊവിഡ് രോഗികൾ പ്രഭാതഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലത്തെ ഭക്ഷണം തിരിച്ചയച്ചതിനാൽ ഉദ്യോഗസ്ഥർ ഏത്തപ്പഴവും ബണ്ണും മിനറൽ വാട്ടറും വരുത്തി നൽകി.
രോഗികൾ പോഷകാഹാരം കഴിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതു നൽകുന്നില്ലെന്നായിരുന്നു ആക്ഷേപം. മുതിർന്നവർക്കുള്ള ഭക്ഷണം തന്നെയാണ് കുട്ടികൾക്കും നൽകുന്നത്. എന്നാൽ കുട്ടികൾ അത് കഴിക്കുന്നില്ല. രാവിലെ ഇഡ്ഡലിയോ അപ്പമോ ആണ് നൽകുന്നത്. ഉച്ചയ്ക്ക് ചോറും ഒരു കറിയും തോരനും അച്ചാറും. വൈകീട്ട് ചപ്പാത്തിയും കറിയും. ഉച്ചയ്ക്കും രാത്രിയും കിട്ടുന്ന ഭക്ഷണം കഴിക്കാൻ കഴിയില്ല. പ്രമേഹരോഗികളടക്കം ഇവിടെയുണ്ട്. അവർക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ല. രാവിലെ കിട്ടുന്നത് പത്തുമണിക്കാണ്. ഉച്ചഭക്ഷണം രണ്ടുമണിയാവും. കുട്ടികളടക്കം വിശന്നിരിക്കുന്ന അവസ്ഥയാണ്. കുടിക്കാൻ വെള്ളവും ഇല്ല. വനിത ഹോസ്റ്റൽ കെട്ടിടമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്റർ ആക്കിയത്. ഇവിടെയുണ്ടായിരുന്ന ചെറിയ ഫിൽറ്ററിൽ നിന്നുള്ള വെള്ളമാണ് കുടിക്കാനുള്ളത്. തീർന്നാൽ ഫിൽറ്ററിൽ നിറയ്ക്കില്ല. 78 രോഗികൾക്ക് വെള്ളം മതിയാകുന്നില്ലെന്നും രോഗികൾ പറഞ്ഞു.
പ്രതിഷേധത്തെത്തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ട് മികച്ച ഭക്ഷണം ഉറപ്പാക്കി.