പാലാ : 'ഞാനും മക്കളും ഇനി എങ്ങനെ ജീവിക്കും. മുന്നോട്ടൊരു വഴിയും കാണുന്നില്ല. ' പാലാ അന്ത്യാളം പൂവേലിത്താഴെ എന്ന കൊച്ചുവീടിന്റെ മുന്നിൽ അഞ്ചു വയസുള്ള രണ്ടു പെൺ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി വിങ്ങിപ്പൊട്ടി ലിസി ചോദിക്കുമ്പോൾ ആർക്കുണ്ട് ഉത്തരം. രാമപുരത്ത് റോഡിലെ കുഴിയിൽ സ്‌കൂട്ടർ മറിഞ്ഞ് മരിച്ച റോയിയുടെ (45) ഭാര്യയാണ് ലിസി. രാമപുരത്തെ ഹോട്ടൽ തൊഴിലാളിയായിരുന്ന റോയി പതിവുപോലെ പണിക്ക് പോയതായിരുന്നു. രാമപുരം ടൗണിനടുത്ത് റോഡിലെ വെള്ളം നിറഞ്ഞു കിടന്ന ആഴമുള്ള ഗട്ടറിൽ വീണ് സ്‌കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ റോയി ഒരാഴ്ചയോളം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ മരണത്തോടു മല്ലടിച്ചു. ഒടുവിൽ ആ കൊച്ചുകുടുംബത്തെ അനാഥമാക്കി യാത്രയായി.
ജീവിതം തകർത്ത അപകടം 12 ന്
അന്ത്യാളം റോഡ് വക്കിൽ രണ്ടുസെന്റിലെ കൊച്ചു വീട്ടിലായിരുന്നു റോയിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇരു ചക്രവാഹനത്തിൽ മീൻ കച്ചവടമായിരുന്നു തൊഴിൽ. കൊവിഡ് വന്നതോടെ അതു നിലച്ചു. ഒരു മാസം മുമ്പ് രാമപുരത്ത് ഹോട്ടൽ തുറന്നതോടെ റോയി അവിടെ ജോലി നേടി. ദിവസവും പുലർച്ചെ 5 മണിയോടെ ഹോട്ടലിലേക്ക് പോകും. കഴിഞ്ഞ 12 ന് പുലർച്ചെയും സ്‌കൂട്ടറിൽ ജോലിക്കുപോയി. തലേന്നത്തെ മഴയിൽ റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞു കിടന്നത് റോയിക്ക് തിരിച്ചറിയാനായില്ല. കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ റോയിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
കുഴിയടച്ചത് റോയി മരിച്ചശേഷം
പാലാ - രാമപുരം റോഡിൽ പലയിടത്തും രൂപപ്പെട്ട കുഴികൾ അടയ്ക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പൊതുമരാമത്ത് അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടതാണ്. ജനകീയ ആവശ്യത്തിന് മുന്നിൽ അധികാരികൾ മുഖം തിരിച്ചപ്പോൾ ഒരു പാവപ്പെട്ട ദളിത് കുടുംബമാണ് അനാഥമായത്. ഒടുവിൽ റോയി മരിച്ച അന്ന് രാത്രി ഗട്ടറുകൾ ഒരു വിധം അടച്ച് അധികാരികൾ തടി തപ്പി.
ആശ്വസിപ്പിക്കാൻ ആരുമെത്തിയില്ല
വാർത്ത പുറം ലോകം അറിഞ്ഞിട്ടും സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇന്നലെ ഒരു സന്ദേശമയച്ചതുമാത്രമാണ് കുടുംബത്തിന് അനുകൂലമായുണ്ടായ ഏക നീക്കം. ആ കുടുംബത്തിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയതിന് കാരണക്കാരായവർക്കതിരെ ഒരു വാക്കു പോലും ഉയർന്നില്ല. കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിക്കാനും ജനപ്രതിനിധികളോ മേലധികാരികളോ തയ്യാറായതുമില്ല.