കോട്ടയം: യു.ഡി.എഫിൽ തിരിച്ചു കയറാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം വിപ്പു ലംഘനമെന്ന കൈവിട്ട കളിയിലേക്ക് നീങ്ങുകയാണോ..? ഇടതു സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കണമെന്നുമുള്ള കൺവീനർ ബെന്നി ബഹനാന്റെ മുന്നറിയിപ്പ് തള്ളിയിരിക്കുകയാണ് ജോസ് വിഭാഗം. ഒപ്പം പി.ജെ. ജോസഫിന്റെ വിപ്പും തള്ളിയതോടെ ജോസ് വിഭാഗത്തിന്റെ അടുത്ത നീക്കം എന്തെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഇന്ന് രാവിലെ സഭ തുടങ്ങിയപ്പോൾ ജോസ് വിഭാഗം എം.എൽ.എമാരായ എൻ. ജയരാജും റോഷി അഗസ്റ്റിനും സഭയിൽ എത്തിയിരുന്നില്ല. അനുനയ നീക്കങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് നടക്കുന്നതിനാൽ സഭയും രാജ്യസഭാ വോട്ടെടുപ്പും തീരുന്നതിന് മുമ്പ് അവർ എത്തുമോ എന്നും വ്യക്തമല്ല. ജോസ് വിഭാഗത്തിന്റെ ഇന്നത്തെ നീക്കത്തോടെ ഇടതുബാന്ധവത്തിലേക്ക് അവർ നീങ്ങുമോ എന്ന സംശയവും ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
യു.ഡി.എഫിന്റെ അന്ത്യശാസനവും ജോസഫിന്റെ വിപ്പും തള്ളിയ ജോസ്.കെ മാണി ഇന്നത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ തങ്ങളുടെ എം.എൽ.എമാർ പങ്കെടുക്കില്ല നേരത്തെ പറഞ്ഞിരുന്നു. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. മുന്നണിയ്ക്ക് വിപ്പ് നൽകാൻ അധികാരമില്ല. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിന് ശേഷം വീണ്ടും അച്ചടക്ക നടപടിയെടുക്കുമെന്ന ഭീഷണി എന്തിനെന്ന് മനസിലാവുന്നില്ല. നിയമസഭാ രേഖകൾ പ്രകാരം റോഷി അഗസ്റ്റിനാണ് വിപ്പ് അധികാരം. റോഷിയുടെ വിപ്പ് പി.ജെ.ജോസഫ് അടക്കം മൂന്ന് എം.എൽഎമാർ സ്വീകരിക്കണം. വിപ്പ് ലംഘിച്ചാൽ അവർക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നുമാണ് ജോസ്. കെ. മാണി വ്യക്തമാക്കിയിരുന്നത്.
അതേസമയം, ജോസ് വിഭാഗത്തിലുള്ള രണ്ട് എം.എൽ.എ മാർ മോൻസ് ജോസഫ് നൽകുന്ന പാർട്ടി വിപ്പ് ലംഘിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നോ അവിശ്വാസത്തിൽ നിന്നോ വിട്ടു നിന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കേരള കോൺഗ്രസിൽ പോര് തുടരുമെന്ന് വ്യക്തം. മാത്രമല്ല, യു.ഡി.എഫിന്റെ നീക്കവും നിർണായകമാണ്. യു.ഡി.എഫ് നിർദേശം ലംഘിച്ചാൽ ജോസ് വിഭാഗത്തിനെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകും. മാത്രമല്ല, വിപ്പ് ലംഘനത്തിന് ജോസ് വിഭാഗത്തിലെ രണ്ട് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവും ശക്തമാക്കും. ഇതേ നിലപാട് ജോസ് വിഭാഗം, ജോസഫ് വിഭാഗം എം.എൽ.എമാർക്കെതിരെയും പ്രയോഗിക്കും.