കട്ടപ്പന: കൊവിഡ് ഭീഷണിക്കിടയിലും ഓണക്കാലത്ത് പച്ചക്കറി വില ഉയർന്നിട്ടില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില കുറവാണ്. ഓണക്കാലത്തെ തിരക്ക് മുന്നിൽക്കണ്ട് പച്ചക്കറി ചന്തകളിൽ വ്യാപാരികൾ സുരക്ഷ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് സാധനങ്ങൾ വാങ്ങാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് മുഖാവരണവും കൈയുറകളും ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു എല്ലാവിധ പച്ചക്കറികളും മാർക്കറ്റുകളിൽ എത്തുന്നുണ്ട്. ഓർഡർ അനുസരിച്ച് ഇതര സംസ്ഥാനങ്ങളിലെ മൊത്ത വിപണന കേന്ദ്രങ്ങളിൽ നിന്നു വാഹനങ്ങളിൽ ലോഡ് കേരളത്തിൽ എത്തിച്ചുനൽകുന്നുണ്ട്. ചരക്ക് വാഹനങ്ങൾ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സർവീസ് സെന്ററുകളിൽ കയറ്റി അണുമുക്തമാക്കിയ ശേഷമാണ് ചന്തകളിൽ എത്തുന്നത്. പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കി. ചരക്കു വാഹനങ്ങളിലെ ജീവനക്കാർ പുറത്തിറങ്ങാത്ത വിധം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പച്ചക്കറികളിൽ കർണാടകയിൽ നിന്നെത്തുന്ന ബീൻസിനു മാത്രമാണ് ഇത്തവണ വില കൂടിയത്. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന ബീൻസ് 80ലെത്തി. സവോളയ്ക്ക് 10 രൂപ കൂടി 30ലെത്തി. ഉള്ളി50, തക്കാളി50, പയർ50, പച്ചമുളക്60, ക്യാരറ്റ്70, വെണ്ടയ്ക്ക50, കത്രിക്ക40, വഴുതന60, കോളിഫ്‌ളവർ50, മുരിങ്ങയ്ക്ക40, പാവയ്ക്ക40, പടവലങ്ങ40, കാബേജ്30, വെള്ളരിക്ക30, കിഴങ്ങ്40, മത്തങ്ങ30, ഏത്തയ്ക്ക40, റോബസ്റ്റ30, ഞാലിപ്പൂവൻ45 എന്നിങ്ങനെയാണ് വില. പഴവർഗ വിപണിയിലും വിലയിൽ വർദ്ധനയില്ല. മുന്തിരി80, പൈനാപ്പിൾ40, മാമ്പഴം100, കാശ്മീരി ആപ്പിൾ 100 മുതൽ 180 വരെ എന്നിങ്ങനെയാണ് വിലവിവരം. കാശ്മീരി ആപ്പിൾ കേരളത്തിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലെ പച്ചക്കറിച്ചന്തകൾക്കു പൂട്ടുവീണത് വ്യാപാരികൾക്കും തിരിച്ചടിയായി. ഓണവിപണി മുന്നിൽക്കണ്ട് കൂടുതൽ ലോഡ് പച്ചക്കറി എത്തിച്ചിരുന്നു.