കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മള്ളിയൂർ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെയും ഉത്സവത്തിന്റെയും ഭാഗമായി ഗജപൂജ നടത്താൻ നൽകിയ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്ന് പ്രത്യക്ഷ ഗണപതി പൂജ ഒഴിവാക്കി ഗണപതിഹോമം മാത്രം നടത്തി.
പ്രത്യക്ഷ ഗണപതി പൂജ നടത്തിയാൽ ആളുകൾ കൂടുമെന്ന വാദമാണ് ജില്ലാ ഭരണകൂടം ഉയർത്തിയത്. മറ്റ് ചടങ്ങുകൾ ഒഴിവാക്കി ഗജപൂജ മാത്രം നടത്താൻ അനുമതി തേടിയെങ്കിലും അതും നിഷേധിക്കുകയായിരുന്നുവെന്ന് ട്രസ്റ്റ് പറഞ്ഞു .
ശനിയാഴ്‌ചയായിരുന്നു വിനായക ചതുർത്ഥി. ഇതിന്റെ ഭാഗമായാണ് ഉത്സവം നടക്കുന്നത്. ഇക്കുറി കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചും
ആഘോഷം പൂർണമായും ഒഴിവാക്കിയും രണ്ട് ആനയെ നിർത്തി ഗജപൂജ നടത്താനാണ് ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയത്. പെരുവനം കുട്ടൻമാരാരും മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരും ഉൾപ്പെടെ 15 പേരുടെ മേളത്തിനും അനുമതി തേടിയിരുന്നു. ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല. എന്നാൽ, വെള്ളിയാഴ്‌ച വൈകിട്ട് ഏറെ വൈകിയാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചത്.
-ഭാരവാഹികൾ , മള്ളിയൂർ ആദ്ധ്യാത്മിക പീഠം ട്രസ്റ്റ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനിരുന്ന മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഗജപൂജയ്ക്ക് അനുമതി നിഷേധിച്ച നടപടി പ്രതിഷേധാർഹമാണ്. ഇത് ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
രാജേഷ് നട്ടാശേരി ,ജില്ലാ ജന.സെക്രട്ടറി, ഹിന്ദു ഐക്യവേദി
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായ ഗജപൂജ എന്ന ക്ഷേത്രാനുഷ്ഠാന ചടങ്ങിന് അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണ്.
ജി.രാമൻ നായർ , ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആചരിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങൾ അനുഷ്ഠിക്കാൻ കഴിയാതെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിലപിച്ച മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണീർ കേരളത്തിന് ശാപമായിത്തീരാതിരിക്കട്ടെ
സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, ജനറൽ സെക്രട്ടറി , മാർഗദർശകമണ്ഡൽ