കോട്ടയം: അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ കാൽമുറിച്ചു മാറ്റേണ്ടി വന്നതിന് ആദ്യം ചികിൽസിച്ച ആശുപത്രി നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്‌തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കറുകച്ചാൽ അമ്പാടിയിൽ അനിൽകുമാറിനാണ് ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രി ഏഴു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡൻ്റ് വി.എസ്. മനുലാൽ വിധിച്ചത്.
2010 സെപ്തംബർ 18 നുണ്ടായ അപകടത്തിൽ പരിക്കേറ്റെത്തിയ അനിൽകുമാറിനെ,
അസ്ഥിരോഗ വിഭാഗത്തിൽ ഡോ.ഷിബു വർക്കിയുടേയും മെഡിസിൻ വിഭാഗത്തിൽ ഡോ.ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു ചികിത്സിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു അനിൽകുമാർ. എന്നാൽ പ്രമേഹത്തിനുളള മരുന്നുകൾ നിർദ്ദേശിക്കാതെയും നിയന്ത്രിക്കാതെയും ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കുകയായിരുന്നു. ചികിത്സയിലിരുന്ന ഒരാഴ്ച കാലയളവിൽ അനിൽകുമാറിനുണ്ടായിരുന്ന അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആശുപത്രി അധികൃതർക്ക് സാധിച്ചില്ല. അണുബാധ ഗുരുതരമാവുകയും വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തതോടെ അനിൽകുമാറിനെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ജീവൻ രക്ഷിക്കാനായി ഇവിടെ വച്ച് വലതുകാൽ മുറിച്ചു മാറ്റി. ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിൽ രോഗിയുടെ ചികിത്സയിൽ മതിയായ ശ്രദ്ധയും ജാഗ്രതയും നൽകാതിരുന്നതും സാധാരണ ഡോക്ടർമാർ രോഗനിർണയത്തിനു നടത്തുന്ന പരിശോധനകൾ നടത്താതിരുന്നതും സേവന വീഴ്‌ച ആണെന്ന് ആർ.ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളായ കമ്മിഷൻ കണ്ടെത്തി. സെൻ്റ് തോമസ് ആശുപത്രി ഏഴു ലക്ഷം രൂപ ഒരു മാസത്തിനകം നൽകണമെന്നാണ് ഉത്തരവ് .