അടിമാലി:ലോക്ഡൗൺ കാലം
ജനങ്ങളെ വായനയിലേക്ക് ആകർഷിക്കാൻപുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഒരു ലൈബ്രേറിയൻ.ശിവൻ ഇഞ്ചപ്പുഴയാണ് കൂടുതൽ ജനങ്ങളെ വായനയുടെ ലോകത്തെത്തിക്കാൻ നിസ്വാർത്ഥ സേവനം നടത്തുന്നത്. അമ്പഴച്ചാൽ നവരാഗ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയാണ് ശിവൻ ഇഞ്ചപ്പുഴ.ലൈബ്രറിയുടെ പ്രവർത്തനം ദിനചര്യയാക്കി മാറ്റിയ ഇദ്ദേഹം പുതിയ വായനക്കാരെ പുസ്തകങ്ങൾ പരിചയപ്പെടുത്തുമായിരുന്നു.കഴിഞ്ഞ മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ആളുകൾ ലൈബ്രറിയിൽ എത്തുന്നത് ഇല്ലാതെയായി.താൽക്കാലികമായിട്ടെങ്കിലും ജനങ്ങൾ വായനയിൽ നിന്നും മാറിനിൽക്കുന്നത് ഒഴിവാക്കാനുള്ള പരിഹാരമായി ഇദ്ദേഹം കണ്ടുപിടിച്ച മാർഗ്ഗമാണ് മൊബൈൽ ലൈബ്രറി സർവ്വീസ്.അങ്ങനെ കഴിഞ്ഞ ഏപ്രിൽ മുതൽ മൊബൈൽ ലൈബ്രറി സർവ്വീസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു പുസ്തകവുമായി അംഗങ്ങളുടെ വീടുകളിൽ എത്തി വിതരണം
തുടങ്ങിയതിനു ശേഷം പ്രദേശവാസികളിൽ വായനയിൽ കൂടുതൽ താൽപ്പര്യം ഉണ്ടായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അമ്പഴച്ചാൽ കാണ്ടിയാംപാറ,മാങ്ങാപ്പാറ തുടങ്ങിയ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ സ്വന്തം ബൈക്കിൽ ഇപ്പോൾ പുസ്തകങ്ങൾ എത്തിക്കാനും സാധിക്കുന്നു ലൈബ്രറിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കാനും ഈ സമയം ഉപയോഗിക്കുന്നു.നേരത്തെ വിളിച്ചുപറഞ്ഞാൽ ഇഷ്ടപ്പെട്ട പുസ്തകം എത്തിച്ചു കൊടുക്കാനും തയ്യാർ.ലൈബ്രറിയിൽ ഏതെല്ലാം പുസ്തകങ്ങൾ ഉണ്ടെന്നത് ഇദ്ദേഹത്തിന് കാണാപാഠമാണ് ഞായറാഴ്ച കളിൽ മുഴുവൻ സമയവും ഈ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്.സ്‌കൂൾ ഓഫീസ് സ്റ്റാഫായിരുന്ന ശിവൻ ഒൻപതു വർഷം മുമ്പാണ് ചിത്തിരപുരം ഗവ:ഹൈസ്‌കൂളിൽ നിന്നും വിരമിക്കുന്നത് .ജനങ്ങൾ വായനശീലമുള്ളവരായിരുന്നാൽ മതി തികച്ചും സൗജന്യമാണ് ശിവന്റെ ഈ സേവനം.