fish

കോട്ടയം: കാലവർഷം തിമിർത്തു പെയ്തതോടെ പാടങ്ങളിലും കുളങ്ങളിലും വളർത്തിയ മത്സ്യങ്ങൾ ഒഴുകി കായലിലും കടലിലുമെത്തി. ബാങ്ക് ലോണെടുത്തും മറ്റും ആറ്റുനോറ്റു വളർത്തിയ മീനുകളാണ് കണ്ണടച്ചുതുറക്കും മുമ്പേ നഷ്ടമായത്. ഇതോടെ ഇനി എന്ത് ചെയ്യും എന്ന ചിന്തയിലാണ് മത്സ്യകൃഷിക്കാർ. കാലവർഷക്കെടുതിയിൽ കുമരകത്താണ് മീൻകുളങ്ങൾ കൂട്ടത്തോടെ കാലിയായിരിക്കുന്നത്.

തെങ്ങിൻതോപ്പിലെ ചെറുകുളങ്ങളാണ് മിക്കവരും മത്സ്യ കൃഷിക്കായി തിരഞ്ഞെടുത്തത്. ചിലർ പടുതാകുളങ്ങളിലും മത്സ്യകൃഷി ചെയ്യുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയിരുന്നവരാണ് മിക്കവരും. ഗിഫ്റ്റ് തിലോപ്പി, ഗൗരാമി, അനാബസ്, റെഡ്ബെല്ലി തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും വളർത്തുന്നത്.

കുഞ്ഞുങ്ങളെ കിട്ടാനില്ല

ആദ്യകാലങ്ങളിൽ ഫിഷറീസ് വകുപ്പ് നൽകിയ പ്രേത്സാഹനത്തിലാണ് കേരളത്തിൽ മത്സ്യകൃഷി വ്യാപകമായത്. എന്നാൽ മത്സ്യകർഷകരോട് ഇപ്പോൾ മുഖം തിരിച്ചു നിൽക്കുകയാണ് ഫിഷറീസ് വകുപ്പെന്ന ആക്ഷേപം ശക്തമാണ്. വെള്ളപൊക്കത്തിൽ മീനുകൾ ഒലിച്ചുപോയതോടെ പുതിയ കൃഷി ഇറക്കാമെന്ന് തീരുമാനിച്ച് മീൻ കുഞ്ഞുങ്ങളെ വാങ്ങാൻ പോയ കർഷകരോടെ മീൻകുഞ്ഞുങ്ങൾ ഇല്ല എന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മീൻ കുഞ്ഞുങ്ങൾ ഒലിച്ചുപോയെന്നാണ് അവരുടെ വാദം.

പിന്നെ ആശ്രയിക്കാവുന്നത് സ്വകാര്യ ഫാമുകളിലാകട്ടെ മീൻ കുഞ്ഞുങ്ങൾക്ക് ഇരട്ടിയാണ് വില. എന്നാൽ, ഫിഷറീസ് വകുപ്പ് വിതരണം ചെയ്തിരുന്ന ഗുണമേന്മയുള്ള മീൻ കുഞ്ഞുങ്ങളെ അവിടെ ലഭിക്കാനില്ലായെന്നാണ് കർഷകർ പറയുന്നത്. രണ്ടു രൂപയ്ക്ക് കിട്ടിയിരുന്ന ഗിഫ്റ്റ് തിലോപ്പി കുഞ്ഞിന് നാലും അഞ്ചും രൂപയാണ് സ്വകാര്യ ഫാമുകാർ വില ഈടാക്കുന്നത്. വലുപ്പം വയ്ക്കാത്ത തിലോപ്പി കുഞ്ഞുങ്ങളെയാണ് ഗിഫ്റ്റ് തിലോപ്പി എന്ന പേരിൽ ഇവർ കർഷകർക്ക് നല്കുന്നത്. ഒരു കർഷകൻ രണ്ടായിരം മുതൽ അയ്യായിരം വരെ കുഞ്ഞുങ്ങളെയാണ് കുളങ്ങളിൽ ഇടുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാൻ മാത്രം നല്ല തുക മുടക്കേണ്ടി വരും..

ചെറുകുളങ്ങളിൽ കട്ല, രോഹു, മൃഗാൾ തുടങ്ങിയ മത്സ്യങ്ങളെ വളർത്തിയാൽ നിശ്ചിത സമയത്തിനുള്ളിൽ വലുപ്പം വയ്ക്കില്ല. മത്സ്യകൃഷി നഷ്ടത്തിലാവും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഗൗരാമി, അനാബസ്, ഗിഫ്റ്റ് തിലോപ്പി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് ന്യായവിലക്ക് എത്രയും വേഗം വിതരണം ചെയ്യണം

എബി ഐപ്പ്

ജില്ലാജനറൽ സെക്രട്ടറി

കർഷക കോൺഗ്രസ്