കോട്ടയം: കൊവിഡും മഴയും കാരണം ആറു മാസമായി മുടങ്ങിക്കിടന്ന റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുനരാരംഭിച്ചു. കോൺക്രീറ്റ് മിക്സിംഗ് മെഷീനുകൾ പ്രവർത്തിച്ചുതുടങ്ങി. സിമന്റും 150 ടൺ കമ്പിയും ഗർഡറുകളും എത്തിക്കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൊടൂരാറിനു സമീപം പൈലിംഗ് ജോലികളാണ് ഇന്നലെ പുനരാരംഭിച്ചത്. ചിങ്ങവനം സെക്ഷനിൽ മൂന്ന് മേൽപ്പാലങ്ങളുടെ പണികളും ആരംഭിച്ചിട്ടുണ്ട്.
ഇനി രാവും പകലും പണി
കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള ജോലികളാണ് ലോക്ഡൗണും വെള്ളപ്പൊക്കവും മൂലം മുടങ്ങിയത്. കൊടൂരാറിന് സമീപം 150 പൈലുകൾ സ്ഥാപിക്കേണ്ടിടത്ത് ഇതുവരെ 90 പൈലുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. 2021 സെപ്തംബറിൽ പാലവും അനുബന്ധ ജോലികളും പൂർത്തിയാക്കി റെയിൽവേക്ക് കൈമാറാമെന്നായിരുന്നു കരാർ. ആറു മാസത്തോളം പണി മുടങ്ങിയതിനാൽ രാവും പകലും ഒരുപോലെ ജോലി ചെയ്ത് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാരായ ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റെയിൽ ടെക് കമ്പനി.
ലോക്ഡൗണിനെ തുടർന്ന് പാലത്തിന്റെയും മറ്റും ജോലികൾ പൂർണമായും നിർത്തിവച്ചിരുന്നു. ലോക്ഡൗൺ പിൻവലിക്കും മുമ്പേ കാലവർഷം ശക്തി പ്രാപിച്ച് വെള്ളപ്പൊക്കമുണ്ടായതും ജോലി തുടരാൻ തടസമായി. കൊടൂരാറിനു സമീപം ചതുപ്പാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഈ പ്രദേശത്തേക്ക് പൈലിംഗിനുള്ള ഉപകരണങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. മണ്ണിട്ട് ഉയർത്തിയ റോഡിലാവട്ടെ ചെളിയും. സാധനങ്ങൾ എത്തിക്കുമ്പോൾ ലോറി താഴ്ന്ന് മണ്ണിൽ പുതയുന്നതും ജോലിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനിടയിൽ മുട്ടമ്പലം ചുരത്തിന് സമീപം രണ്ടു പ്രാവശ്യം മണ്ണിടിച്ചിൽ ഉണ്ടായതും റെയിൽവേപ്പാത ഇരട്ടിപ്പിക്കൽ ജോലിക്ക് തടസം സൃഷ്ടിച്ചു.