kud

കോട്ടയം: കൊവിഡ് കാലത്തും മായമില്ലാത്ത ഓണവിഭവങ്ങളുമായി കുടുംബശ്രീ. ഇക്കുറി കച്ചവടമൊക്കെ എന്താകുമെന്നറിയില്ലെങ്കിലും മുന്നിട്ടിറങ്ങിയ സംരംഭകരെ ചേർത്തുപിടിയ്ക്കുകയാണ് മിഷൻ. ലോക്ക് ഡൗൺ കാലത്തെ നഷ്ടം ഓണംഫെയറിലൂടെ അൽപ്പമെങ്കിലും തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ.

എല്ലാ അയൽക്കൂട്ടങ്ങളും ഒരു ഉത്പന്നമെങ്കിലും നിർമിച്ച് ഫെയറിലെത്തിച്ചിട്ടുണ്ട്. കോട്ടയം നഗരസഭ പരിധിയിൽ കെ.പി.എസ് മേനോൻ ഹാളിൽ ജില്ലാ മെഗാ ഫെയർ തുടങ്ങിക്കഴിഞ്ഞു. ഓണസദ്യ മുതൽ മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫെയറിന്റെ പ്രവർത്തനം.

 വിഭവങ്ങൾ തയ്യാർ

ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ മേളയ്ക്കാവശ്യമായ ഉത്പ്പന്നങ്ങളുടെ പട്ടിക തയാറാക്കിയാണ് പ്രവർത്തനം. ആവശ്യമുള്ളിടങ്ങളിലേയ്ക്ക് ജില്ലാ കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കുന്നുണ്ട്. ഓരോ സി.ഡി.എസിലും മൂന്ന് മുതൽ നാലുദിവസം വരെ ഓണച്ചന്തകൾ ഉണ്ട്.

അതിജീവനം

കഴിഞ്ഞ പ്രളയത്തിൽ വീടടക്കം നഷ്ടപ്പെട്ടവരുണ്ട് ഇക്കൂട്ടത്തിൽ. കൊവിഡ് കാലത്ത് അതിജീവനം എന്ന ആശയത്തിൽ മുറുകെ പിടിച്ചാണ് ഇവർ മുന്നോട്ടു നീങ്ങിയത്. കുടുംബശ്രീയുടെ 90 യൂണിറ്റുകൾ ചിപ്‌സ് നിർമാണം നടത്തുമ്പോൾ 89 വീതം അച്ചാർ, കറിപ്പൊടി യൂണിറ്റുകളുണ്ട്.

ഫെയറിലെ സാധനങ്ങൾ

ഉപ്പേരി, പപ്പടം , പായസം, വെളിച്ചെണ്ണ, പൊടികൾ മറ്റ് ഭക്ഷ്യോത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സോപ്പും സോപ്പുത്പ്പന്നങ്ങളും.

'' ഭക്ഷ്യോത്പന്നങ്ങൾക്കുള്ള സാധനങ്ങൾ എല്ലായിടത്തും തയ്യാറാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫെയറിൽ മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ''

ജോബി ജോൺ, മാർക്കറ്റിംഗ് മാനേജർ