criminal

കോട്ടയം: ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലയിൽ വീണ്ടും സജീവമായി. മുപ്പതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതികളായ 43 പേരാണ് ജില്ലയിലുള്ളത്. ഇവർക്ക് രാഷ്‌ട്രീയ - ബ്ലേഡ് മാഫിയകളുടെ തണലുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘങ്ങളിൽ ഏറെയും . ഇത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തോളം യുവാക്കൾ പ്രവർത്തിക്കുന്നുണ്ട്.

കൊവിഡ് കാലത്ത് ആർപ്പൂക്കര കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾ വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകി സാമൂഹ്യ പ്രവർത്തനം നടത്തിയിരുന്നു.ഇതിൽ ദുരൂഹതയുണ്ടെന്ന സൂചനയെത്തു‌ടർന്ന് നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ഗുണ്ടാ സംഘങ്ങളെപ്പറ്റിയുള്ള വ്യക്തമായ ചിത്രം പുറത്തു വന്നത്. ആർപ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ മാത്രം മുപ്പതിലേറെ കേസുകളിൽ പ്രതികളായ നാലു ഗുണ്ടാ നേതാക്കളാണുള്ളത്. ജില്ലയിൽ കഞ്ചാവും ലഹരി മരുന്നുകളും എത്തിക്കുന്നത് ഇവ‌രാണ്.

രണ്ടു മാസം എത്തിയത്

120 കിലോ കഞ്ചാവ്

രണ്ടു മാസത്തിനിടെ ഏറ്റുമാനൂരിലും കടുത്തുരുത്തിയിലുമായി കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾക്ക് വേണ്ടി എത്തിച്ചത് 120 കിലോ കഞ്ചാവാണ്. കടുത്തുരുത്തിയിൽ വിൽക്കാൻ എത്തിച്ച അറുപത് കിലോ കഞ്ചാവ് നാഷണൽ പെർമിറ്റ് ലോറിയിൽ നിന്ന് പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബാണ് (അലോട്ടി -27) ഇയാളെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. എന്നാൽ, ഏറ്റുമാനൂരിൽ എക്‌സൈസ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഗുണ്ടാ സംഘത്തലവനാണ് കഞ്ചാവ് എത്തിച്ചതെന്ന് വിവരം ലഭിച്ചെങ്കിലും അന്വേഷണം ഇയാളിലേയ്‌ക്ക് എത്തിയതുപോലുമില്ല.

കായംകുളം കൊലപാതകം

വേരുകൾ കോട്ടയത്തും

കായംകുളത്ത് മീൻകച്ചവടക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വെറ്റ നിസാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് ജയിലിൽ കഴിയുന്ന ആർപ്പൂക്കരയിലെ ഗുണ്ടാ സംഘത്തലവൻ്റെ സഹോദരനാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അപകടകരമായ സാഹചര്യം

 ക്രിമിനൽ സംഘങ്ങളിൽ യുവാക്കൾ വർദ്ധിക്കുന്നു

 പ്രവർത്തനം സാമൂഹ്യപ്രവർത്തകരെന്ന വ്യാജേന

 കഞ്ചാവ് വിൽപ്പന പ്രധാന വരുമാനമാർഗം

 നേതൃത്വം കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻമാർക്ക്